ഉത്തർപ്രദേശിൽ ഭൂരിപക്ഷത്തിൻ്റെ കണക്കിൽ ഒന്നാമതെത്തി രാഹുൽ ഗാന്ധിഉത്തർപ്രദേശിൽ ഭൂരിപക്ഷത്തിൻ്റെ കണക്കിൽ ഒന്നാമതെത്തി രാഹുൽ ഗാന്ധി. റായ്ബറേലി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ രാഹുലിനാണ് യു.പി.യിൽ നിലവിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം. തെരഞ്ഞെടുപ്പ് കമീഷൻ്റെ കണക്ക് പ്രകാരം മൂന്ന് ലക്ഷത്തിലേറെ വോട്ടിൻ്റെ ലീഡാണ് രാഹുലിനുള്ളത്. വാരാണസിയിൽ നിന്നും ജനവിധി തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1.4 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷം മാത്രമാണുള്ളത്.

2004 മുതൽ സോണിയ ഗാന്ധി കൈവശം വയ്ക്കുന്ന മണ്ഡലമാണ് റായ്ബറേലി. 2019ൽ റായ്ബറേലിയിൽ 1.67 ലക്ഷം വോട്ടുകൾക്കാണ് സോണിയ ഗാന്ധി ജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിക്ക് മൂന്നര ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷമുണ്ടായിരുന്നു. മണ്ഡലത്തിൻ്റെ ചരിത്രത്തിൽ 2009ലെ തെരഞ്ഞെടുപ്പിലാണ് സോണിയ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത്. 3.72 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷമാണ് അന്ന് സോണിയക്കുണ്ടായത്.

ഇക്കുറി സോണിയ ഗാന്ധി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ റായ്ബറേലിയിൽ പുതിയ സ്ഥാനാർത്ഥിയെ തേടി. ഒടുവിൽ രാഹുൽ ഗാന്ധിക്ക് മത്സരിക്കാനുള്ള നറുക്ക് വീഴുകയായിരുന്നു. വയനാടിനൊപ്പം റായ്ബറേലി മണ്ഡലത്തിൽ നിന്നും മത്സരിച്ച രാഹുൽ വലിയ നേട്ടമാണ് ഉണ്ടാക്കിയത്.അതേസമയം, ഉത്തരപ്രദേശിൽ ഇൻഡ്യ സഖ്യമാണ് മുന്നേറുന്നത്. 44 സീറ്റുകളിലാണ് യു.പി.യിൽ ഇൻഡ്യ സഖ്യം മുന്നേറുന്നത്. എൻ.ഡി.എ.യുടെ മുന്നേറ്റം ഇക്കുറി 35 സീറ്റിലേക്ക് ഒതുങ്ങി. എസ്.പിയും ചേർന്ന് സഖ്യം വലിയ നേട്ടമാണ് യു.പിയിലുണ്ടാക്കുന്നത്.
Previous Post Next Post