ആവർത്തിച്ച് കാറിന്റെ ഡോറിലെ സാഹസിക യാത്ര; രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം; അന്വേഷണമാരംഭിച്ച് പൊലീസ്



ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും കാറിൽ യുവാക്കളുടെ സാഹസിക യാത്ര. ഗ്യാപ് റോഡിൽ പെരിയ കനാൽ ഭാഗത്താണ് തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിലെത്തിയ യുവാക്കൾ സാഹസിക പ്രകടനം നടത്തിയത്. ഇന്ന് രാവിലെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് നാട്ടുകാ‍ർ ചിത്രീകരിച്ചുതുടങ്ങിയതോടെ ഇവർ അഭ്യാസം അവസാനിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചക്കിടെ ഗ്യാപ് റോഡിൽ അഞ്ചാമത്തെ സംഭവമാണിത്. സാഹസിക പ്രകടനങ്ങൾക്കെതിരെ ഗ്യാപ് റോഡിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടരുന്നതിനിടെയാണ് ഈ രീതിയിൽ അഭ്യാസ പ്രകടനം. അതിനിടെ, മാട്ടുപ്പെട്ടി – മൂന്നാർ റോഡിൽ കഴിഞ്ഞ ദിവസം കുട്ടികളുൾപ്പെടെ കാറിന്‍റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കേരള, കർണാടക രജിസ്ട്രേഷനുകളിലുളള കാറുകളിലെത്തിയവരാണ് ഇങ്ങനെ യാത്ര ചെയ്തത്. കാറുകളുടെ നമ്പ‍ർ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.





Previous Post Next Post