കോവിഡ് ക്ലെയിം നിരസിച്ച ഇൻഷുറൻസ് കമ്പനി 2.85 ലക്ഷം നൽകണമെന്ന് ഉത്തരവ്







കോവിഡ് ബാധിച്ച്‌ 72 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടും ഇൻഷുറൻസ് തുക നിരസിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരന്‌ രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം. അങ്കമാലി സ്വദേശി ജി എം ജോജോയുടെ പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരനും കുടുംബവും പത്തുവർഷമായി ആരോഗ്യ ഇൻഷുറൻസും 2020ൽ കൊറോണ രക്ഷക്‌ പോളിസിയും എടുത്തവരാണ്‌. കോവിഡ് ബാധിച്ച്‌ 72 മണിക്കൂർ ആശുപത്രിയിൽ കിടന്നാൽ രണ്ടരലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. 2021 ഏപ്രിലിൽ ജോജോയും ഭാര്യയും കോവിഡ് ബാധിച്ച്‌ ആശുപത്രിയിൽ ചികിത്സതേടി. എന്നാൽ, ഇവർ നൽകിയ അപേക്ഷ സാങ്കേതികകാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻഷുറൻസ്‌ കമ്പനി നിരാകരിച്ചു.

ഇതോടെ ജോജോയും ഭാര്യയും ഇൻഷുറൻസ് ഓംബുഡ്സ്മാന് പരാതി നൽകി. ഭാര്യക്ക്‌ രണ്ടരലക്ഷം രൂപ ഓംബുഡ്സ്മാൻ അനുവദിച്ചെങ്കിലും ജോജോയ്‌ക്ക്‌ നിരാകരിച്ചു. എന്നാൽ, ജോജോയ്‌ക്കും കമ്പനി വാഗ്ദാനംചെയ്ത ഇൻഷുറൻസ് തുകയ്‌ക്ക്‌ അവകാശമുണ്ടെന്ന് ഡി ബി ബിനു പ്രസിഡന്റും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിക്കുകയായിരുന്നു
Previous Post Next Post