എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി; കേസ് എടുക്കാതെ പോലീസ്; കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ ഹൈക്കോടതിയിലേക്ക്
കോഴിക്കോട് : എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിന് ഇരയായ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ സുനിൽ ഭാസ്‌കർ ഹൈക്കോടതിയിലേക്ക്. സംഭവത്തിൽ പോലീസ് ഇടെപടൽ ഉണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു സുനിൽ ഭാസ്‌കറിനെ എസ്എഫ്‌ഐക്കാർ മർദ്ദിച്ചത്.

സംഭവത്തിന് പിന്നാലെ പ്രിൻസിപ്പാൾ നേതാവിനെ മർദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്‌ഐക്കാർ കോളേജിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനിടെ പോലീസുകാരുടെ മുൻപിൽ വച്ചായിരുന്നു സുനിൽ ഭാസ്‌കറിനെതിരെ എസ്എഫ്‌ഐ പ്രവർത്തകർ ഭീഷണി മുഴക്കിയത്. എന്നാൽ ഇതിൽ പോലീസ് കേസ് എടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിക്കുന്നത്. എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് ആയിരുന്നു ഭീഷണി മുഴക്കിയത്. സംഭവത്തിൽ നേതാവിനെതിരെ കേസ് എടുക്കാൻ നിർദ്ദേശിക്കണം എന്നാണ് പ്രിൻസിപ്പാളിന്റെ ആവശ്യം.

അതേസമയം എസ്എഫ്‌ഐ നേതാവിനെ മർദിച്ചെന്ന കേസിൽ പ്രിൻസിപ്പാളിനോട് നേരിട്ട് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനിൽ എത്തണം എന്നാണ് നോട്ടീസിലെ നിർദ്ദേശം.
Previous Post Next Post