കാപ്പ കേസ് പ്രതിയെ ആഘോഷമായി പാർട്ടിയിലെടുത്ത് സിപിഎം: യോഗം ഉദ്ഘാടനം ചെയ്തത് മന്ത്രി; മാലയിട്ട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി
പത്തനംതിട്ട : കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച്‌ സിപിഎം. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനെയാണ് സിപിഎം മാലയിട്ട് സ്വീകരിച്ചത്. സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനല്‍ കേസുകളിലെയും പ്രതിയാണ് ശരണ്‍ ചന്ദ്രൻ.

60ഓളം പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരണ്‍ ചന്ദ്രൻ പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരണ്‍ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ശരണടക്കം 60 ഓളം പേരെ കുമ്ബഴ ഭാഗത്തുള്ള ഓഡിറ്റോറിയത്തില്‍ വച്ച്‌ ഇന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. കാപ്പാ കേസ് ചുമത്തിയ ശരണ്‍ ചന്ദ്രൻ തുടര്‍ന്നും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ നാടുകടത്തിയിരുന്നില്ല. ആ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ഇയാള്‍, വീണ്ടും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതോടെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്.

ഇഡ്ഡലി എന്നാണ് ശരണ്‍ ചന്ദ്രൻ്റെ വിളിപ്പേര്. പാര്‍ട്ടിയുടെ നവമാധ്യമങ്ങളില്‍ അടക്കം ശരണ്‍ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച്‌ വലിയ നേട്ടമായി സിപിഎം നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ മലയാലപ്പുഴ മേഖലയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്ത് പരസ്യമായി തന്നെ രംഗത്ത് വന്നു. പലരും വാട്സ്‌ആപ്പുകളിലും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചു. മന്ത്രി പങ്കെടുത്ത പരിപാടിയില്‍ കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നല്‍കുന്ന കാര്യം പൊലീസിൻ്റെ ഇൻ്റലിജൻസ് സംവിധാനം മനസിലാക്കാതിരുന്നതും മുന്നറിയിപ്പ് നല്‍കാതിരുന്നതും എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.
Previous Post Next Post