തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങി രോഗി..കണ്ടെത്തിയത് രണ്ട് ദിവസങ്ങൾക്ക് ശേഷം….


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്ന് രാവിലെ ആറുമണിക്ക് ശേഷമാണ്. മെഡിക്കൽ കോളേജിന്റെ ഓർത്തോ ഒപിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ അകപ്പെട്ടത്.രവീന്ദ്രൻ നായരെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിച്ചപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെത്തിയത്. ആ സമയത്ത് പ്രവർത്തനത്തിലുണ്ടായിരുന്ന ലിഫ്റ്റിൽ കയറി. കയറിയ ഉടൻ ലിഫ്റ്റ് മുകളിലേക്ക് പോയി താഴേക്ക് വരികയും പിന്നീട് പ്രവർത്തനരഹിതമാവുകയും ചെയ്തു. തുടർന്നാണ് രണ്ട് ദിവസം ഇദ്ദേഹം ഇതിനുള്ളിൽ കുടുങ്ങിയത്.എന്നാൽ കേടായ ലിഫ്റ്റിൽ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കൽ കോളേജ് അധികൃതർ നോക്കിയിരുന്നില്ല. ഞായറാഴ്ചയും കഴിഞ്ഞ് ഇന്ന് രാവിലെ തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ വയോധികൻ കിടക്കുന്നത് ലിഫ്റ്റ് ഓപ്പറേറ്റർ കണ്ടത്. കണ്ടെത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകളുണ്ടെന്നാണ് വിവരം.

Previous Post Next Post