നിർത്തിയിട്ട ട്രെയിനിൽ കയറി 'റീൽസ്' ചിത്രീകരിച്ചു ; 2 യുവാക്കൾ അറസ്‌റ്റിൽ





താനെ: താനെയിലെ കാസറ റെയിൽവെ സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലോക്കൽ ട്രെയിനിൽ റീൽസ് ചിത്രീകരിച്ച 2 യുവാക്കൾ അറസ്‌റ്റിലായി. നിർത്തിയിട്ടിരുന്ന ലോക്കൽ ട്രെയിനിന്‍റെ മോട്ടോർ ക‍്യാബിനിൽ അതിക്രമിച്ച് കയറി റീൽസ് ചിത്രീകരിക്കുന്നതിനിടയിലാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.

നാസിക്ക് സ്വദേശികളായ രാജ ഹിമ്മത് യെർവാൾ (20), റിതേഷ് ഹിരാലാൽ ജാദവ് (18) ആണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു. പ്രതികളിലൊരാൾ ട്രെയിനിന്‍റെ മോട്ടോർ ക‍്യാബിനിൽ പ്രവേശിച്ചു മറ്റൊരാൾ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ‍്യമങ്ങളിൽ പ്രദർശിപ്പിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സൈബർ സെല്ലുമായി സഹകരിച്ച് ഓഗ‌സ്‌റ്റ് 8 ന് നാസിക്കിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്.

വിശദമായ ചോദ‍്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും സെക്ഷൻ 145(b), 147 എന്നിവ പ്രകാരം കുറ്റം ചുമത്തുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന, റെയിൽവേ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്ന, റെയിൽവേ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഇത്തരം പ്രവൃത്തികളിൽ ആരും ഏർപെടരുതെന്ന് സെൻട്രൽ റെയിൽവെ അഭിപ്രായപ്പെട്ടു.യാത്രക്കാരുടെ സുരക്ഷയാണ് ഇന്ത്യൻ റെയിൽവേയുടെ പ്രഥമ പരിഗണനയെന്നും സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിക്കുമെന്നും ഇന്ത‍്യൻ റെയിൽവേ വ‍്യക്തമാക്കി.


Previous Post Next Post