ഭിന്നശേഷി കുട്ടികളുടെ കുടുംബ പെൻഷനിൽ അട്ടിമറിപെന്‍ഷന്‍ തുടരണമെങ്കില്‍ വാര്‍ഷിക വരുമാനം 60,000 രൂപയിൽ താഴെയായിരിക്കണമെന്ന് പുതിയ വ്യവസ്ഥ




തിരുവനന്തപുരം: സംസ്ഥാന സര്‍വീസിലെ ജീവനക്കാരുടെ കാലശേഷം കുടുംബ പെന്‍ഷന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത് തടഞ്ഞ് സര്‍ക്കാര്‍. പെന്‍ഷന്‍ തുടരണമെങ്കില്‍ വാര്‍ഷിക വരുമാനം 60,000 രൂപയിൽ താഴെയായിരിക്കണം എന്ന വ്യവസ്ഥ നിലവില്‍ വന്നതോടെയാണിത്.

സമൂഹം അങ്ങേയറ്റം കാരുണ്യത്തോടെ ഇടപെടണമെന്ന് നിഷ്കര്‍ഷിക്കുന്ന ഭിന്നശേഷിക്കാരില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രം കിട്ടിക്കൊണ്ടിരുന്ന ഒരാനുകൂല്യമാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി അട്ടിമറിച്ചിരിക്കുന്നത്.

നിലവില്‍ വരുമാന വ്യത്യാസമില്ലാതെ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യം പുതിയ ഉത്തരവില്‍ വരുമാനം നിര്‍ബന്ധമാക്കിയതിലൂടെ തടയപ്പെടുകയാണ്. ഒരു പഠനവും കൂടാതെയാണ് ഈ ഉത്തരവ് നിലവില്‍ വന്നിരിക്കുന്നത്. ഭിന്നശേഷി വിഭാഗത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന ഓട്ടിസം, മെന്‍റലി റിട്ടാര്‍ഡഡ്, സെറിബ്രല്‍ പാല്‍സി തുടങ്ങിയ വിഭാഗപ്പെടുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും അവരുടെ രക്ഷിതാക്കളുടെ കാലശേഷം അവരുടെ സംരക്ഷണത്തിനായി കിട്ടിക്കൊണ്ടിരുന്ന കുടുംബ പെന്‍ഷന്‍ ആണിത്.

ശബ്ദിക്കാന്‍ പോലുമാകാത്ത ഒരു വിഭാഗത്തിന്‍റെ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യമാണ് ഇല്ലാതാക്കിയതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. നിലവില്‍ വില്ലെജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രത്തില്‍ പ്രതിമാസ വരുമാനപരിധി പ്രതിവര്‍ഷം 60,000 എന്നത് പ്രായോഗികമായി വരുമ്പോള്‍ ഈ അവകാശം തന്നെ ഇല്ലാതാവുകയാണ് ചെയ്യുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം നിലയില്‍ ആഹാരം പോലും കഴിക്കാന്‍പോലും കഴിയാത്തവരാണ് ഈ കുട്ടികളിലേറെയും. മാതാപിതാക്കള്‍ മരിച്ചു കഴിഞ്ഞാല്‍ ഇവരെ ആരും നോക്കാനില്ലാത്ത സ്ഥിതിക്ക് കുടുംബ പെന്‍ഷന്‍ കിട്ടുന്നതായിരുന്നു സഹായമായിരുന്നത്. അത് വരുമാനത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്ന് നിഷേധിക്കുന്നതിലൂടെ ഇത്തരം കുട്ടികളില്‍ വലിയൊരു വിഭാഗത്തെ പെരുവഴികളിലേക്ക് തള്ളിവിടുകയാണ്. ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഈ ഉത്തരവുമൂലം സ്വസ്ഥമായി മരിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണെന്ന് രക്ഷിതാക്കള്‍ വിലപിക്കുന്നു.


Previous Post Next Post