ബാറ്റ’യ്ക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി; ലീഗൽ മെട്രോളജി നിയമത്തിൻ്റെ ലംഘനം വ്യക്തമെന്ന് നിരീക്ഷണം,,എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടേതാണ് വിധി.



ജിഎസ്ടിയുടെ പേര് പറഞ്ഞ് പ്രിന്റ്‌ ചെയ്തതിനേക്കാള്‍ കൂടുതല്‍ തുക ഷൂവിന് ഈടാക്കിയ ബാറ്റാ ഷൂ ഷോറൂമിനും കമ്പനിക്കും എതിരെ ഉപഭോക്തൃ കോടതി വിധി. അധികം ഈടാക്കിയ തുകയായ 67 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും 45 ദിവസത്തിനുള്ളിൽ എതിർകക്ഷികൾ ഉപഭോക്താവിന് നൽകണമെന്ന് കോടതി ഉത്തരവിട്ടു.

ഡി.ബി.ബിനു അധ്യക്ഷനായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടേതാണ് വിധി. കാസർകോട് സ്വദേശി സ്വദേശിയും എറണാകുളം ലോ കോളേജ് വിദ്യാർത്ഥിയുമായ സഞ്ജയ് രാജ് ആണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 2022 മാർച്ചിലാണ് പരാതിക്കാരൻ 1,066 രൂപ നൽകി എറണാകുളം ബ്രോഡ് വേയിലെ ബാറ്റാ ഷോറൂമില്‍ നിന്നും ഒരു ജോഡി ഷൂ വാങ്ങിയത്. 999 രൂപയാണ് പ്രിൻറ് ചെയ്തിരിക്കുന്ന വില. എന്നാല്‍ ജിഎസ്ടി അടക്കം 1,066 രൂപയാണ് ഈടാക്കിയത്.

ഈ വില നിയമപരമാണെന്നും വില്പന നികുതി ഉൾപ്പെടെയാണ് ഈടാക്കിയത് എന്നുമായിരുന്നു എതിർകക്ഷിയുടെ നിലപാട്. കൂടുതൽ വാങ്ങിയ തുക തിരിച്ച് നൽകണമെന്ന ആവശ്യം നിരസിച്ച എതിർകക്ഷി പരാതിക്കാരനെ അപമാനിച്ചു കടയിൽ നിന്ന് ഇറക്കിവിട്ടു എന്നാണ് പരാതിയിൽ ആരോപിച്ചത്.

ജിഎസ്ടി പരിഷ്കരിച്ചപ്പോൾ ഷൂവിൻ്റെ വിലയും വർധിച്ചു എന്നും ഉപഭോക്തൃ കോടതിക്ക് ഇക്കാര്യം പരിഗണിക്കാൻ അധികാരമില്ല എന്നുമുള്ള നിലപാടാണ് എതിർകക്ഷി കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ എംആർപിയെക്കാൾ കൂടുതൽ വില ഈടാക്കരുതെന്ന ലീഗൽ മെട്രോളജി നിയമത്തിലെ വ്യവസ്ഥ എതിർകക്ഷികൾ ലംഘിച്ചു എന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത് നിയമവിരുദ്ധമാണെന്നും ബ്രാന്‍ഡിനോടുള്ള ഉപഭോക്താവിന്റെ വിശ്വാസത്തെ തകർക്കുന്നത് ആണെന്നും കോടതി വ്യക്തമാക്കി.
Previous Post Next Post