തമിഴ്നാട്ടിലെ തിരുവള്ളൂരിലൂണ്ടായ വാഹനാപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണപ്പെട്ടവരും പരിക്കേറ്റവരും ചെന്നൈ എസ്.ആർ.എം കോളേജിലെ വിദ്യാർത്ഥികളാണ്. ചെന്നൈയിൽ നിന്ന് 65 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിൽ തിരുട്ടാനിക്ക് സമീപം രാമഞ്ചേരിയിലാണ് ഞായറാഴ്ച രാത്രി ദാരുണമായ അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചാരിച്ചിരുന്ന കാറും എതിർദിശയിൽ നിന്ന് വരികയായിരുന്ന ട്രക്കും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കാർ യാത്രക്കാരായ വിദ്യാർത്ഥികളാണ് മരിച്ചത്. പരിക്കേറ്റവരും കാറിൽ യാത്ര ചെയ്തിരുന്നവർ തന്നെയായിരുന്നു.
ആന്ധ്രാപ്രദേശിലേക്കുള്ള യാത്ര കഴിഞ്ഞ് വിദ്യാർത്ഥികൾ കാറിൽ വരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ തിരുവള്ളൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.