മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ

'

കോട്ടയം : മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

പെരുന്നാളിന് സുരക്ഷ ഒരുക്കുന്നതിനായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കും. പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കും. സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെ നടക്കുന്ന പെരുന്നാളിന്‍റെ ഭാഗമായി സുരക്ഷ ശക്തിപ്പെടുത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ്, റവന്യൂ, എക്‌സൈസ് കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിക്കാൻ മന്ത്രി നിർദ്ദേശിച്ചു.  സെപ്റ്റംബർ ആറു മുതൽ എട്ടുവരെ കൂടുതൽ പോലീസിനെ നിയോഗിക്കും.

എക്‌സൈസ് കൺട്രോൾ റൂം തുറക്കും. എക്‌സൈസ് നേതൃത്വത്തിൽ പരിശോധനകൾ വ്യാപിപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു. തടസരഹിതമായ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തിന്‍റെ സേവനവും ആംബുലൻസ് സേവനവും ലഭ്യമാക്കും.  മേഖലയിലെ വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കുന്നതിനും മാലിന്യനീക്കത്തിനും നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി.