തൃശൂര്‍: തൃശൂരിൽ കെട്ടിടത്തിൽ നിന്നും ഗ്ലാസ് തകര്‍ന്ന് വീണ് വഴിയാത്രക്കാരന് പരിക്കേറ്റു. തൃശൂര്‍ മണികണ്ഠനാലിന് സമീപത്തെ കടയുടെ മുകളില്‍ നിലയില്‍ നിന്നാണ് ചില്ല് തകര്‍ന്ന് താഴേക്ക് പതിച്ചത്. ഇതിനിടെയാണ് നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന ഇരിഞ്ഞാലക്കുട സ്വദേശി ഗോപാലകൃഷ്ണന് പരിക്കേറ്റത്. ഗോപാലകൃഷ്ണന്‍റെ തലയിലാണ് ഗ്ലാസ് പതിച്ചത്.
തലയില്‍ ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ ഉടനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്കെ ട്ടിടത്തിലുണ്ടായിരുന്ന കടകള്‍ അധികൃതര്‍ അടപ്പിച്ചു. കെട്ടിടത്തിന്‍റെ പുറത്ത് പതിപ്പിച്ചിരിക്കുന്ന ചില്ലുകള്‍ മാറ്റാനും നിര്‍ദേശം നല്‍കി. തൃശൂരിലേക്ക് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഗോപാലകൃഷ്ണൻ.
കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്നാണ് ചില്ല് തകര്‍ന്ന് താഴേക്ക് വീണത്. കാലപ്പഴക്കം മൂലം എപ്പോൾ വേണമെങ്കിലും വീഴാവുന്ന നിലയിൽ നിരവധി ഗ്ലാസുകൾ ആണ് കെട്ടിടത്തിൽ ഉള്ളത്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ കടകളാണ് അടപ്പിച്ചത്.അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തൃശ്ശൂർ റൗണ്ടിലെ എല്ലാ സ്ഥാപനങ്ങളിലും നാളെ പരിശോധന നടത്തും. നിയമലംഘനങ്ങളോ അപകടപരമായ സ്ഥാപനങ്ങളോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ നടപടിയെടുക്കാൻ കോർപ്പറേഷന് നിർദ്ദേശം നൽകുമെന്നും ഫയർഫോഴ്‌സ് അറിയിച്ചു.