പത്തനംതിട്ട: ജില്ലയിലെ സിപിഐഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. പത്തനംതിട്ട തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി അർജ്ജുൻ ദാസിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ പന്തളം ഏരിയാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. കോൺഗ്രസ് പ്രാദേശിക നേതാവിനെ ഭീഷണിപ്പെടുത്തിയതിന് അർജ്ജുൻ ദാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് പത്തനംതിട്ട, തിരുവല്ലയിലെ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കല്‍ സെക്രട്ടറിക്കെതിരെയും പാര്‍ട്ടി നടപടിയെടുത്തിരുന്നു. ദേവസ്വം ബോര്‍ഡ് നിയമന ആരോപണത്തിലാണ് ഏരിയാ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെ സ്ഥാനത്ത് നിന്ന് നീക്കിയത്. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്ത് നീക്കി. പീഡനക്കേസില്‍ ആരോപണ വിധേയനായ സി സി സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ കൊച്ചുമോന്‍ സമീപിച്ചിരുന്നു. നേരത്തെ, തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രകാശ് ബാബുവിനെയും കൊച്ചുമോനെയും നീക്കിയത്.