കണ്ണൂർ ജില്ലയിലെ തടിക്കടവ് ഗവൺമെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികൾക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നൽകിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് വിവരം.
ചിക്കൻ കറിയിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്. ഇവരിൽ നൂറോളം പേർക്കാണ് രാത്രിയോടെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടവരെല്ലാം ഉടൻ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രികളിലും മറ്റുമായി ചികിത്സ തേടി.