കോട്ടയം : സംസ്ഥാനത്ത് ഒരു കുട്ടിയുടെ സ്കൂൾ വിദ്യാഭ്യാസത്തിനായി പ്രതിവർഷം അധ്യാപക, അധ്യാപകേതര ജീവനക്കാരുടെയും എ.ഇ.ഒ ഓഫീസ് മുതൽ ഡി.പി.ഐ വരെയുള്ള ജീവനക്കാരുടെ ശമ്പളവും പെൻഷനും കണക്കാക്കിയാൽ 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചെലവാകുന്നിടത്ത് ഈ ബാധ്യതകളിൽ നിന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സഹസ്രകോടികളുടെ ചെലവിൽ നിന്നും സർക്കാരുകളെ ഒഴിവാക്കുന്ന അൺ എയ്ഡഡ് മേഖലയോടുള്ള വിവേചനം സർക്കാർ മാറ്റണം
. നിർമ്മാണ മേഖലയ്ക്ക് വച്ചിരിക്കുന്ന 6Fതാരിഫിൽ ഉള്ള കറണ്ട് ചാർജ്, അമിതമായ വാഹന നികുതി, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എല്ലാം ഒഴിവാക്കിയിരിക്കുന്ന കെട്ടിട നികുതി എന്നിവ അന്യായമാണെന്ന് കേരളത്തിലെ 3000 ത്തിൽപരം വരുന്ന അംഗീകൃത സി.ബി.എസ്.ഇ , ഐ.സി എസ്.ഇ, സ്റ്റേറ്റ് സിലബസ് വിദ്യാലങ്ങളുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിച്ച കേരള അൺഎയ്ഡഡ് സ്കൂൾ പ്രാട്ടക്ഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് സ്കൂളിൽ സി.എം.ഐ, ചിന്മയ, അമൃത, വിദ്യാഭവൻ, വിദ്യാനികേതൻ, എം.ഇ.എസ്,എസ്.എൻ.ഡി.പി,ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ തുടങ്ങി 27 ൽപരം സാമുദായിക, സാമൂഹ്യ,വിദ്യാഭ്യാസ, സാംസ്കാരിക സംഘടനകളെ കോർത്തിണക്കി അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാനും സ്കൂളുകൾക്ക് ഭരണഘടനാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി നിയമപരമായ നടപടികൾ സ്വീകരിക്കു വാനും കൗൺസിൽ തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ് ഫാദർ ജെയിംസ് മുല്ലശ്ശേരി സി.എം.ഐ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ പിള്ള, ട്രഷറർ സരോഷ് പി എബ്രഹാം ഓർഗനൈസിങ് സെക്രട്ടറി ജേക്കബ് ജോർജ് സംസ്ഥാന ഭാരവാഹികളായ കെ. എസ്. വിജയകുമാർ, അഡ്വ. ഫാദർ ജിജോ ജോർജ്,എസ്. വി. ആനന്ദ്, സുകുമാര ബാബു ശ്രീനാരായണ സ്കൂൾസ്, ജി. എസ് സജികുമാർ, ടി.വി. അലി , കൃഷ്ണ കാന്ത്, റ്റി. സതീഷ് കുമാർ,അഡ്വ.ഹരികുമാർ.ആർ. എസ് , അഡ്വ. സിജു കെ ഐസക്ക് അനിൽകുമാർ വിദ്യാനികേതൻ, മാത്യു ജോർജ് മാർത്തോമാ സ്കൂൾസ് എന്നിവർ പ്രസംഗിച്ചു. ഓരോ വർഷവും നടക്കുന്ന അഖിലേന്ത്യ മത്സര പരീക്ഷകളിൽ വിജയികളാകുന്നവർ ആരുടെ സംഭാവനയാണെന്ന് സർക്കാർ കണ്ണുതുറന്ന് കാണണമെന്ന് യോഗം അഭിപ്രായപ്പെട്ടു.