മുണ്ടക്കൈ ദുരന്തം:കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പകൾ എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു



തിരുവനന്തപുരം: മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30.07.2024-ന് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ ‍അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.

വയനാടിന് കൈത്താങ്ങുമായി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഫൗണ്ടേഷനും രംഗത്തെത്തിയിരുന്നു. ദുരന്തബാധിതര്‍ക്ക് പിന്തുണ നല്‍കാനുള്ള സമഗ്ര പദ്ധതി ഫൗണ്ടേഷന്‍ തയ്യാറാക്കി. അതിജീവിതരുടെ മനഃശ്ശാക്തീകരണം, പുനരധിവാസം, വെെദ്യ സഹായം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി.ദുരന്തമുണ്ടാക്കിയ ദീര്‍ഘകാല ആഘാതത്തില്‍ നിന്നും അതിജീവിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനാണ് മുന്‍ഗണനയെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് കെയര്‍ഗിവിങ് 25 ദുരിത ബാധിതര്‍ക്ക് സൗജന്യ പരിചരണം നല്‍കും. ഒപ്പം ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഹോംകെയര്‍ പരിശീലനം ലഭിച്ച ഈ വ്യക്തികള്‍ക്ക് തൊഴിലവസരവും ഒരുക്കും.15 ലക്ഷം രൂപയുടെ പുനരധിവാസ പദ്ധതി തദ്ദേശ ഭരണാധികാരികളുമായി ചേര്‍ന്ന് ഫൗണ്ടേഷന്‍ നേരിട്ട് ഉറപ്പാക്കും. ദുരിതം ബാധിച്ചവരുടെ അടിയന്തര ആവശ്യങ്ങള്‍ പരിഗണിച്ചാണ് പദ്ധതി. ദുരിതത്തില്‍ പരിക്കേറ്റവരുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും സംഭാവന നല്‍കും. സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ അടിയന്തര പ്രാധാന്യത്തോടെ സഹായം എത്തിക്കുമെന്ന് ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഫൗണ്ടേഷന്‍ അറിയിച്ചു
Previous Post Next Post