പോൾട്ടാവ: യുക്രെയ്ൻ നഗരമായ പോൾട്ടാവയിൽ റഷ്യൻ മിസൈലാക്രമണത്തിൽ കനത്ത നാശം. റഷ്യയുടെ മിസൈലാക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടെന്നും 180 ലേറെപ്പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. റഷ്യൻ ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ലാദമിർ സെലൻസ്കി രംഗത്തെത്തി. പോൾട്ടാവയിലെ വിദ്യാഭ്യാസ സ്ഥാപനവും സമീപത്തെ ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് സെലൻസ്കി ടെലിഗ്രാം വീഡിയോയിലൂടെ പറഞ്ഞത്.
ഖാർക്കീവിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള നഗരമാണ് ആക്രമിക്കപ്പെട്ടത്. ഇതുവരെ യുദ്ധത്തിന്റെ ഭീകരത കടന്നു ചെല്ലാത്ത നഗരമായിരുന്നു ഇത്. 500 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കെൽപ്പുള്ള ഇസ്കന്ദർ എന്ന ബാലിസ്റ്റിക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അനുമാനം. യുക്രൈനിലെ സൈനിക പരിശീലന കേന്ദ്രമാണ് ആക്രമിക്കപ്പെട്ടതെന്നും അഭ്യൂഹമുണ്ട്.