കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് കിഴക്കന്‍ അറബിക്കടലിനും പാകിസ്ഥാന്‍ തീരത്തിനും മുകളിലായി 'അസ്‌ന' ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്‌ന' ഇന്നു രാവിലെ വരെ ചുഴലിക്കാറ്റായി തുടരും. തുടര്‍ന്നു സെപ്റ്റംബര്‍ 2 രാവിലെയോടെ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യത.
വടക്കന്‍ ആന്ധ്രാപ്രദേശിനും തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്ര ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തി ദുര്‍ബലമായി.
ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബര്‍ 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.