വയനാട് ദുരന്തത്തിൻ്റെ പേരിൽ സർക്കാർ ചെലവാക്കിയെന്നു പറയുന്ന കണക്ക് അവിശ്വസനീയം: അന്വേഷണം ആവിശ്യപ്പെട്ട് ദേശീയ ജനതാ പാർട്ടി


തിരുവനന്തപുരം: വയനാട്ടിലെ  ദുരന്തത്തില്‍ തങ്ങൾ ചെലവാക്കിയ തുക സംബന്ധിച്ച് സർക്കാർ പുറത്തുവിട്ട ഭീമന്‍ കണക്ക്  അവിശ്വസനീയവും ദുരൂഹതകൾ നിറഞ്ഞതുമാണെന്ന് ദേശീയ ജനതാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ ആരോപിച്ചു.

ദുരന്തബാധിതര്‍ക്ക്  നല്‍കിയതിനെക്കാള്‍ കൂടുതൽ തുക  ഡിവൈ എഫ്ഐക്കാർ ഉൾപ്പടെയുള്ള വൊളണ്ടിയര്‍മാര്‍ക്കു വേണ്ടി സർക്കാർ ചെലവഴിച്ചുവെന്നാണ് പുറത്ത് വന്ന കണക്കുകൾ പറയുന്നത്.  

ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ ദുരന്തനിവാരണ ഫണ്ടിൻ്റെ ധനവിനിയോഗ കണക്കുകൾ കേന്ദ്രസർക്കാർ യുക്തമായ ഏജൻസികളെക്കൊണ്ട്  അടിയന്തിരമായി ഓഡിറ്റു ചെയ്യിക്കണമെന്ന് ഡോ.കൈപ്പാറേടൻ
ആവിശ്യപ്പെട്ടു.

359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടതായാണ് കണക്കുകൾ പറയുന്നത്. (അതായത് ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവ്) 

ദുരന്ത ബാധിതര്‍ക്കുളള വസ്ത്രങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് നല്‍കിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇനി പുറത്തു നിന്നു വസ്ത്രങ്ങൾ വേണ്ടെന്നും പകരം പണം കൊടുത്താൽ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയടക്കം വാര്‍ത്താ സമ്മേളനങ്ങളിലും പരസ്യങ്ങളിലും ആവർത്തിച്ചിരുന്നത്.

എന്നാൽ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കു വേണ്ടി മാത്രം 11 കോടി ചിലവായിട്ടുണ്ട്. ഈ ചെലവ് എങ്ങനെയുണ്ടായി എന്നു മുഖ്യമന്ത്രി തന്നെ വിശദീകരിക്കണം.
ഏതു തുണിക്കടയുടെ ബില്ല് ഏതു നേതാവു മുഖേനയാണ് ഇതിനായി സമർപ്പിച്ചിട്ടുള്ളതെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. 

വോളണ്ടിയര്‍മാർ ഉപയോഗിച്ച വണ്ടിയുടെ ചെലവിനും അവരുടെ  ഭക്ഷണത്തിനും വേണ്ടി 14 കോടി ചിലവാക്കിയെന്നാണ് കണക്കിലുള്ളത്. 

വൊളണ്ടിയര്‍മാരുടെയും മിലിട്ടറിക്കാരുടെയും ഗതാഗതത്തിനു മാത്രം 4 കോടി ചെലവാക്കിയത്രെ. കോടി എന്നൊക്കെപ്പറയുന്നത് ഈ സർക്കാരിൻ്റെ തലപ്പത്തിരിക്കുന്നവർക്ക് തമാശയായി രിക്കാം. പക്ഷേ സാധാരണക്കാർക്ക് അതു വലിയ തുകയാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്ററിന് ചെലവാക്കിയത് 7കോടിയാണെന്നു സര്‍ക്കാര്‍  റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ ചെലവഴിച്ചെന്നും പറയുന്നതു മനസ്സിലാക്കാം. പക്ഷേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വോളണ്ടിയേഴ്‌സിന് യൂസര്‍ കിറ്റ് നല്‍കിയ വകയില്‍  2 കോടി 98 ലക്ഷം ചിലവായെന്നു പറയുന്നത് ജനം എങ്ങനെ  വിശ്വസിക്കും.

ദുരന്തബാധിതർക്കു വേണ്ടി തുറന്ന 17 ദുരിതാശ്വാസ ക്യാമ്പുകളില്‍ 30 ദിവസത്തേക്ക്  ജനറേറ്റർ സ്ഥാപിച്ചിരുന്നു.
ഇതിന്റെ ചിലവ് 7 കോടിയാണെന്നാണ് പറയുന്നത്. ഇത് തികച്ചും അവിശ്വസനീയമാണ്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് എയര്‍ ലിഫ്റ്റിംഗ് ഹെലികോപ്ടര്‍ ചാര്‍ജ്ജ് 17 കോടിയെന്നു പറയുന്നത് ശരിയായിരിക്കാം.

എന്നാൽ ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വണ്ടികള്‍ ഉപയോഗിച്ച വകയില്‍ 12 കോടി ആയെന്നു പറഞ്ഞാൽ ആരാണ് വിശ്വസിക്കുക.

അതിനു പുറമേയാണ് മുമ്പു പറഞ്ഞതുപോലെ,  മിലിട്ടറിക്കാർ, വോളണ്ടിയര്‍മാര്‍ എന്നിവരുടെ ട്രാന്‍സ്‌പോട്ടേഷനു വേണ്ടി വേറൊരു 4 കോടി ചെലവായെന്നു പറയുന്നത്.
ഈ കണക്കുകളൊന്നും ഒരു തരത്തിലും വിശ്വസ യോഗ്യമല്ല.

മിലിട്ടറിക്കാർ, വോളണ്ടിയര്‍മാര്‍ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങള്‍ക്ക് 10 കോടി ചെലവായെന്നു പറയുന്നതും ഉൾക്കൊള്ളാനാവുന്നില്ല.  

മിലിട്ടറിക്കാരുടെ / വോളണ്ടിയര്‍മാരുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ക്കു 2 കോടി ചെലവാക്കിയെന്നു പറയുന്നത് സമ്മതിക്കാം. 

പക്ഷേ  അവരുടെ താമസ സൗകര്യങ്ങള്‍ ഒരുക്കിയതിന്  15 കോടി ചെലവായെന്നു പറയുന്നത് ഊതിപ്പെരുപ്പിച്ച കണക്കാണ് എന്നു വ്യക്തമാണ്.  

ജെ സി ബി, ഹിറ്റാച്ചി, ക്രെയിന്‍ എന്നിവക്ക്  15 കോടി ചിലവാക്കിയെന്നു പറയുന്നതിലും അതിശയോക്തിയുണ്ടെന്ന് ഡോ. കൈപ്പാറേടൻ ചൂണ്ടിക്കാട്ടി .

ക്യാമ്പിലെ ഭക്ഷണത്തിനു ചിലവ് 8 കോടിയെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ പരിശോധന ചിലവ് എട്ടുകോടിയും ഡ്രോണ്‍ റഡാര്‍ വാടക 3 കോടിയും ഡിഎന്‍എ പരിശോധനക്കായി 3 കോടിയും   ചിലവാക്കിയെന്നും സർക്കാർ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇതൊന്നും യുക്തിക്കു നിരക്കുന്ന കണക്കുകളല്ലെന്നും  പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്ന സർക്കാർ പകൽക്കൊള്ള അവസാനിപ്പിക്കണമെന്നും  ഡോ. കൈപ്പാറേടൻ
ആവിശ്യപ്പെട്ടു.
Previous Post Next Post