ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാളെ രാജിക്കത്ത് നൽകും. രാജി അംഗീകരിച്ച് ഒരാഴ്ച്ചക്കുള്ളിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചു. കെജ്രിവാൾ ആവശ്യപ്പെട്ടതു പോലെ ദില്ലിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും എന്ന അരവിന്ദ് കെജ്രിവാളിന്റെ ഈ പ്രഖ്യാപനത്തിനു ശേഷം ദില്ലി രാഷ്ട്രീയം ചൂടു പിടിക്കുകയാണ്. ആരാകും അരവിന്ദ് കെജ്രിവാളിന്റെ പിൻഗാമി എന്നതിൽ ആലോചന തുടങ്ങി. മന്ത്രിമാരായ അതിഷി, ഗോപാൽ റായി, കൈലാഷ് ഗലോട്ട് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. കെജ്രിവാൾ ജയിലിലായപ്പോൾ സർക്കാരിന്റെ പ്രധാനചുമതലകൾ വഹിച്ചത് അതിഷിയാണ്.