നാട്ടുകാരുടെ ഉറക്കം കെടുത്തിയ പിടിച്ചുപറി സംഘം പൊലീസ് പിടിയിലായി. കുന്നംകുളം സ്വദേശി ശ്രീക്കുട്ടന്‍, ചാവക്കാട് സ്വദേശി അനില്‍ എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് എസ്എച്ച്ഒ സി പ്രേമാനന്ദകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സാഹസികമായി പ്രതികളെ പിടികൂടുന്നതിനിടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതികൾ അറസ്റ്റിലായതോടെ തുമ്പില്ലാതെ കിടന്നിരുന്ന കവര്‍ച്ചാ കേസും തെളിഞ്ഞു.
ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട്, വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കില്‍ പിന്തുടര്‍ന്ന് കൈ ചെയിന്‍ പൊട്ടിക്കുകയാണ് പ്രതികളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി പൊലീസ് ജീപ്പ് കണ്ട ഇവര്‍ ബൈക്ക് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മൂന്ന് സംഘങ്ങളായി നടത്തിയ തെരച്ചിലില്‍ കോട്ടപ്പടിയില്‍ നിന്നെ പ്രതികളെ കണ്ടെത്തി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
പ്രതികളിൽ നിന്ന് കുരുമുളക് സ്‌പ്രേ, വ്യാജ നമ്പര്‍ പ്ലേറ്റ് എന്നിവ പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ ഗുരുവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരിയന്നൂര്‍, ഇരിങ്ങപ്പുറം, വടക്കേക്കാട് സ്റ്റേഷന്‍ പരിധിയിലെ നമ്പീശന്‍പടി, ടെമ്പിള്‍ സ്റ്റേഷന്‍ പരിധിയിലെ താമരയൂര്‍, കമ്പിപ്പാലം എന്നിവിടങ്ങളില്‍ നിന്ന് ഇത്തരത്തില്‍ കവര്‍ച്ച നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. കവര്‍ച്ച ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. ഗുരുവായൂരില്‍ പൂക്കച്ചവടത്തിനാണെന്ന പേരിലാണ് രാത്രിയില്‍ ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നത്.