രാമങ്കരിയിൽ വീട് കയറി വെട്ടിപ്പരിക്കേൽപിച്ച സംഭവം; പ്രതിയും ഭാര്യയും പിടിയിൽ



ആലപ്പുഴ: ആലപ്പുഴ രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി പിടിയിൽ. സംഭവത്തിലെ പ്രതി കലവൂർ സ്വദേശി സുബിൻ ആണ് കോയമ്പത്തൂരിൽ നിന്നും പിടിയിലായിരിക്കുന്നത്. സുബിൻ ബലമായി പിടിച്ചു കൊണ്ട് പോയ ഭാര്യ രഞ്ജിനിയെയും കണ്ടെത്തി. വെട്ടേറ്റ ബൈജു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പിണങ്ങിക്കഴിയുകയായിരുന്ന സുബിന്റെ ഭാര്യ ബൈജുവിനൊപ്പം കഴിയുന്നത് അറിഞ്ഞ് വീട്ടിലെത്തി വെട്ടിപരിക്കേല്പിച്ച് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. എന്നാൽ സുബിന്റെ ഉപദ്രവം സഹിക്കാനാവാതെ ബന്ധം ഉപേക്ഷിച്ചതാണെന്ന് ഭാര്യ രഞ്ജിനി പോലീസിനോട് പറഞ്ഞു.

ഇന്നലെയാണ് ആലപ്പുഴ രാമങ്കിരി വേഴപ്ര സ്വദേശി പുത്തൻപറമ്പിൽ ബൈജുവിനെ വീട് കയറി ആക്രമിച്ചത്. ആക്രമണത്തിൽ ബൈജുവിന് ഗുരുതരമായി പരിക്കേറ്റു. ബൈജുവിന്‍റെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഭർത്താവായിരുന്നു സുബിൻ. സുബിനുമായി പിണങ്ങിക്കഴിയുന്ന ഭാര്യ കഴിഞ്ഞ കുറച്ചു ദിവസമായി ബൈജുവിനൊപ്പം താമസിക്കുകയായിരുന്നു. ഇവിടെ എത്തി ബൈജുവിനെ വെട്ടിപ്പരിക്കേൽപിച്ചശേഷം സുബിൻ ഭാര്യയെ കൊണ്ടുപോകുകയായിരുന്നു.
Previous Post Next Post