ഇങ്ങനെയൊരു മെമ്മോറാണ്ടം നല്‍കിയാല്‍ കിട്ടേണ്ട തുക കൂടി കിട്ടില്ല…


വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്ത കണക്കുകളാണ് സര്‍ക്കാര്‍ തയ്യാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാമാന്യയുക്തിക്ക് പോലും നിരക്കാത്ത കണക്കുകള്‍ എഴുതി വെച്ചാല്‍ ഇതെല്ലാം കണ്ടു പരിചയിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത് ഗൗരവത്തിലെടുക്കുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. ഇങ്ങനെ മെമ്മോറാണ്ടം നല്‍കിയാല്‍ കിട്ടേണ്ട തുക കൂടി കിട്ടില്ല. ശ്രദ്ധയോട് കൂടി മെമ്മോറാണ്ടം തയാറാക്കിയാല്‍ തന്നെ ഇതിനേക്കാള്‍ തുക ന്യായമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാങ്ങിച്ചെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പുറത്തു വന്നത് മെമ്മോറാണ്ടം നല്‍കിയതിലെ കണക്കാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാല്‍പ്പോലും ഇതില്‍ വലിയ അപാകതകളുണ്ടായി. വിശ്വാസത്തിന് ഭംഗമുണ്ടായി. ആരാണ് ഇത്തരത്തിലൊരു മൊമ്മോറാണ്ടം തയ്യാറാക്കി കൊടുക്കാന്‍ പ്രവര്‍ത്തിച്ചത് എന്നു കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. 1600 കോടിയുടെ കണക്കാണ് നല്‍കിയിട്ടുള്ളത്. പുനരധിവാസം, വീടു നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 2000 കോടിയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ പുനരാലോചന നടത്തണം. പുനര്‍ചിന്തനം നടത്തി, ആളുകളെ മാറ്റി താമസിക്കുന്നത്, മുന്നറിയിപ്പ് സംവിധാനം ഒരുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ കൂടി പരിഗണിച്ച്, എസ്ഡിആര്‍എഫ് റൂള്‍ അനുസരിച്ച് പുതിയ മെമ്മോറാണ്ടം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Previous Post Next Post