പാര്‍ട് ടൈം ജോലിയിലൂടെ പണം, യുവതിയുടെ 25 ലക്ഷം രൂപ കൈക്കലാക്കി; ആലുവ സ്വദേശി പിടിയില്‍




കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 25 ലക്ഷം രൂപ കൈക്കലാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം സ്വദേശിനിയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആലുവ കുന്നത്തേരി സ്വദേശി തൈപറമ്പില്‍ ഷാജഹാന്‍ (40) ആണ് പിടിയിലായത്. പാര്‍ട് ടൈം ജോലിയിലൂടെ പണം ലഭിക്കും എന്ന് വാട്‌സ്ആപ്പ് മെസേജിലൂടെ സന്ദേശമയച്ച് വിശ്വസിപ്പിച്ചാണ് പ്രതികള്‍ പണം തട്ടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചെന്നു പാലാരിവട്ടം പൊലീസ് പറഞ്ഞു.

2024 ജനുവരിയിലാണ് യുവതിയുമായി വാട്‌സ്ആപ്പ് ടെലിഗാം ചാറ്റിലൂടെ പ്രതികള്‍ ബന്ധപ്പെട്ടത്. പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് സമീപിച്ചത്. ഇതിനായി ഓണ്‍ലൈന്‍ ടാസ്‌കുകളും നല്‍കി. 25 മുതല്‍ 30 വരെയുള്ള തീയതികളില്‍ പരാതിക്കാരിയുടെ 2 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 25 ലക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തത്. പണം വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചാണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്. അറസ്റ്റിലായ ഷാജഹാന്‍ തട്ടിപ്പിലൂടെയുള്ള പണം കൈക്കലാക്കുന്നതിനായി മാത്രം പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി പൊലീസ് പറഞ്ഞു.

ഈ അക്കൗണ്ടിലെത്തിയ പണം മറ്റു പ്രതികളുടെ സഹായത്താല്‍ ചെക്ക് മുഖേനയാണു പിന്‍വലിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരം, ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളില്‍ കേരളത്തിലുള്ള അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Previous Post Next Post