'ക്ഷേത്രസംബന്ധമായ ആചാരമല്ലാത്തതിനാല്‍ എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ പൊട്ടുകുത്തല്‍ അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ഇവിടെ പൊട്ടുകുത്തലിന് ഫീസ് ഈടാക്കാൻ നല്‍കിയ കരാറുകള്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കരാർ റദ്ദാക്കും. ഇതിനായി നിയമനടപടിക്കൊരുങ്ങുകയാണ് ദേവസ്വം ബോർഡ്.
ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് എരുമേലി. പേട്ടയ്ക്കുമുൻപ് വലിയതോട്ടില്‍ കുളിച്ചെത്തുന്നവർക്ക് നടപ്പന്തലില്‍ ചന്ദനവും കുങ്കുമവും ഭസ്മവുമൊക്കെ വെക്കാറുണ്ട്. ഇവിടെ പൊട്ടുകുത്തുന്നതിന് 10 രൂപ ഫീസ് ഈടാക്കാനും അതിന് കരാർ നല്‍കിയതുമാണ് വിവാദമായത്. എന്നാല്‍, പൊട്ടുതൊടല്‍ എരുമേലി ശാസ്താക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമല്ലെന്ന് ദേവസ്വം ബോർഡ് പറയുന്നു.
ഇക്കാര്യം ഹൈന്ദവസംഘടനകളും ബോർഡിനെ അറിയിച്ചു. അമിതനിരക്ക് തടയാനും തർക്കവും വഴക്കും ഒഴിവാക്കാനുമാണ് ബോർഡ് ഏറ്റെടുത്ത് ഫീസ് നിശ്ചയിച്ച് മൂന്നുപേർക്ക് കരാർ നല്‍കിയതെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ഓഗസ്റ്റ് 15 ന് വിവിധ സംഘടനകളുടെ യോഗത്തില്‍ ഇക്കാര്യം ചർച്ചചെയ്തപ്പോഴോ ലേലത്തിലോ ആരും പരാതിയോ എതിർപ്പോ ഉന്നയിച്ചില്ലെന്ന് ബോർഡ് വിശദീകരിച്ചു.