ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഓപ്പണറാകും. അഭിഷേക് ശര്‍മയും സഞ്ജുവും മാത്രമാണ് ടീമിലെ രണ്ട് സ്പെഷലിസ്റ്റ് ഓപ്പണര്‍മാര്‍ എന്നതിനാല്‍ നാലു മത്സരങ്ങളിലും ഇരുവര്‍ക്കും അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറി നേടിയതോടെ സഞ്ജുവിന്‍റെ ഓപ്പണര്‍ സ്ഥാന ഒന്നുകൂടി ഉറച്ചിട്ടുണ്ട്. അതേസമയം ബംഗ്ലാദേശിനെതിരെ നിറം മങ്ങിയ അഭിഷേക് ശര്‍മക്ക് പിന്നാലെ നടന്ന എമേര്‍ജിംഗ് ഏഷ്യാ കപ്പിലും വലിയൊരു സ്കോര്‍ നേടാനാവാഞ്ഞത് ഇന്ത്യക്ക് തലവേദനയാണ്.
ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള വിക്കറ്റ് സഞ്ജുവിന് കൂടുതല്‍ യോജിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍. മുമ്പ് ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സെഞ്ചുറി നേടിയിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ് എന്നിവര്‍ ടീമിലില്ലാത്തതിനാല്‍ മധ്യനിരയിലും പൊളിച്ചെഴുത്തിന് സാധ്യതതയുണ്ട്.