ഇക്കുറി വെര്‍ച്വല്‍ ക്യൂമാത്രം; ദര്‍ശന സമയത്തില്‍ മാറ്റം; ഭക്തരുടെ സുരക്ഷ പ്രധാനമെന്ന ദേവസ്വം ബോര്‍ഡ്





തിരുവനന്തപുരം; ശബരിമലയില്‍ ഇക്കുറി വെര്‍ച്വല്‍ ക്യൂ മാത്രമായിരിക്കുമെന്ന് തിരുവിതാംകൂര്‍ േവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഒരു ഭക്തനും ദര്‍ശനം കിട്ടാതെ തിരിച്ചുപോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് വെര്‍ച്വല്‍ ക്യൂ തീരുമാനം ഏര്‍പ്പെടുത്തിയതെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. ദര്‍ശനത്തിന് എത്തുന്നവരുടെ ആധികാരിക രേഖ പ്രധാനമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഎസ് പ്രശാന്ത്. 90 ശതമാനം പ്രവര്‍ത്തനങ്ങളും തടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ ക്യൂ എന്നത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സദുദ്ദേശ്യത്തോടെ എടുത്ത തീരുമാനമാണ്. മാലയിട്ട് വ്രതം പിടിച്ച് ഭഗവാനെ കാണാനെത്തുന്ന ആര്‍ക്കും ദര്‍ശനം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല, ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടക്കും.

വെര്‍ച്വല്‍ ക്യൂ തയ്യാറാക്കാനുണ്ടായ സാഹചര്യവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ എത്തുന്ന ഭക്തരുടെ ആധികാരിക രേഖയാണ് വെര്‍ച്വല്‍ ക്യൂ. സ്‌പോട്ട് ബുക്കിങ് എന്നത് വെറും എന്‍ട്രി പാസ് മാത്രമാണ്. 2023ല്‍ മൂന്ന് ലക്ഷത്തിലധികം പേരായിരുന്നു സ്‌പോട്ട് ബുക്കിങ് വഴി ബുക്ക് ചെയ്തത്. 2023- 24 ല്‍ അത് നാലുലക്ഷമായി. വെര്‍ച്വല്‍ ക്യൂവിലേക്ക് പോകുമ്പോള്‍ സ്‌പോട്ട് ബുക്കിങ് വര്‍ധിക്കുന്നത് നല്ല പ്രവണതയല്ല. ഭക്തരുടെയും ക്ഷേത്രത്തിന്റെ സുരക്ഷകൂടി കണക്കിലെടുത്താണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം.

മൂന്ന് വഴിയിലൂടെയാണ് പ്രധാനമായും ഭക്തര്‍ എത്തുക. ഏതെങ്കിലും തരത്തില്‍ ഭക്തരെ കാണാതാവുകയോ മറ്റ് എന്തെങ്കിലും സംഭവിച്ചാല്‍ അവരെ തിരിച്ചറിയേണ്ടതില്ലേ?. പമ്പ മുതല്‍ സന്നിധാനം വരെ ആയിരക്കണക്കിന് അപകടം പതിഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ നമുക്ക് ആധികാരികമായ രേഖ വേണ്ടേ?. ഇനിയും സ്‌പോട്ട് ബുക്കിങ് ഉണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമോ?. വെര്‍ച്വല്‍ ക്യൂ ആകുമ്പോള്‍ എത്രുപേര്‍ വരുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും. ആധികാരിമായ രേഖ വേണമെന്നതുകൊണ്ടാണ് വെര്‍ച്വല്‍ ക്യൂ നിര്‍ബന്ധമാക്കുന്നത്.

വരുമാനത്തിന്റെ കാര്യമാണെങ്കില്‍ സ്‌പോട്ട് ബുക്കിങ് ആണ് നല്ലത്. എന്നാല്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വരുമാനം മാത്രം ചിന്തിച്ചാല്‍ പോരാ, ഭക്തരുടെ സുരക്ഷയും പ്രധാനമാണ്. അതുകൊണ്ട പരമാവധി പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമലയില്‍ ദര്‍ശന സമയം പുനഃക്രമീകരിച്ചു. പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയായിരിക്കും. ശേഷം മൂന്നുമുതല്‍ രാത്രി 11 മണിവരെയായിരിക്കും ദര്‍ശനസമയം.


Previous Post Next Post