പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ വിധി ഇന്ന്



കണ്ണൂർ : എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക. 

ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. ദിവ്യക്കെതിരായ സംഘടനാ നടപടി ചർച്ച ചെയ്യാൻ സിപിഎം ജില്ലാ നേതൃയോഗങ്ങൾ ബുധനാഴ്ച ചേരുന്നുണ്ട്.
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പി പി ദിവ്യക്കെതിരെ സിപിഎം ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല. 

ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പാര്‍ട്ടി തല നടപടികൾ വന്നിട്ടില്ല. കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടൽ സംശയത്തിലാവുകയും ചെയ്തതോടെ, കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലാണ്.പൊലീസും മുൻകൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി വരുന്നതിനായി കാക്കുകയാണ്.
Previous Post Next Post