ആലപ്പുഴയിൽ വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു




ആലപ്പുഴയിൽ വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

തോണ്ടൻകുളങ്ങര വാർഡ് കിളയാംപറമ്പ് വീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ മകൻ കബീറാണ് (52) മരിച്ചത്. അവലൂക്കുന്ന് കിഴക്കേടത്ത് വീട്ടിൽ കുഞ്ഞുമോൻ (57), ആര്യാട് സൗത്ത് 10ാം വാർഡിൽ മുരിക്കുലം വീട്ടിൽ നവാസ് (52) എന്നിവരെയാണ് നോർത്ത് സി.ഐ എസ്. സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കബീർ തനിച്ചാണ് താമസിക്കുന്നത്. മൂവരും ചേർന്ന് സംഭവ ദിവസം മദ്യപിച്ചിരുന്നു. കബീറിന്റെ ബൈക്ക് വിൽക്കാൻ മുൻകൂർ 2000 രൂപ വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടായി. കബീറിനെ ഇരുവരും ചേർന്ന് തള്ളി. സമീപത്തെ അക്വേറിയത്തിൽ കബീർ ഇടതുവശം അടിച്ച് വീണു.

കുഞ്ഞുമോനും നവാസും ചേർന്ന് കബീറിനെ പുറത്ത് എടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച തുടരന്വേഷണത്തിന് പോലീസ് എത്തിയപ്പോൾ നാട്ടുകാരിൽ ചിലർ കൊലപാതകമാണെന്ന് മൊഴി നൽകി.
Previous Post Next Post