ബെവ്കോയിൽ നിന്ന് മദ്യം വാങ്ങി വെള്ളം ചേർത്ത് കൂടിയ വിലയ്ക്ക് വിൽക്കും; മദ്യവിൽപ്പനക്കാരൻ പിടിയിൽ,ഇയാളില്‍ നിന്നും 11.800 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. !



കല്‍പ്പറ്റ: വിദേശമദ്യം വാങ്ങി കൃത്രിമമായി അളവ് വര്‍ധിപ്പിച്ച്, അമിത വില വാങ്ങി വില്‍പ്പന നടത്തുന്ന വയോധികനെ എക്‌സൈസ് സംഘം പിടികൂടി. വൈത്തിരി വെങ്ങപ്പള്ളി കോക്കുഴി തയ്യില്‍ വീട്ടില്‍ രവി (68)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും 11.800 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. ബീവറേജസ് കോർപറേൻ ഔട്ട്‍ലെറ്റിൽ നിന്ന്   മദ്യം വാങ്ങി വെള്ളം ചേര്‍ത്ത് അളവ് വര്‍ദ്ധിപ്പിച്ച് കൂടിയ വിലക്ക് വില്‍പന നടത്തിവരുന്നതാണ് പ്രതിയുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോക്കുഴി ഭാഗത്ത് പലചരക്ക് കട കേന്ദ്രീകരിച്ച് മദ്യം സൂക്ഷിച്ച് വെച്ചായിരുന്നു വില്‍പന. കല്‍പ്പറ്റ എക്‌സൈസ് റേഞ്ചിലെ അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വി.എ. ഉമ്മറും പാര്‍ട്ടിയുമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഇ.വി. ഏലിയാസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.കെ ബിന്ദു, സിവില്‍ എക്‌സൈസ് ഓഫീസര്‍ സാദിക് അബ്ദുള്ള, എക്‌സൈസ് ഡ്രൈവര്‍ അബ്ദുറഹീം എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷയും ഒരു ലക്ഷം രൂപവരെ പിഴയും  ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിയെ കല്‍പ്പറ്റ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Previous Post Next Post