വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം സംസ്ഥാനം തങ്ങളോട് സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം 2219.033 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടത്. എസ്ഡിആര്‍എഫിലേക്ക് 153 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
വയനാട്ടിലെ ദുരന്ത ബാധിത മേഖലകളെ പുനരധിവസിപ്പിക്കാൻ 2219 കോടിയുടെ കേന്ദ്ര സഹായം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് ആവശ്യപ്പെടുന്നതിടെയാണ് കേന്ദ്ര സർക്കാരിന്‍റെ ഒളിച്ചുകളി തുടരുന്നത്. വീടും നാടും ഇല്ലാതായ നൂറുകണക്കിനാളുകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സംസ്ഥാനത്തെക്കൊണ്ട് മാത്രം കഴിയില്ലെന്ന് ഹൈക്കോടതിതന്നെ പലകുറി പറഞ്ഞിട്ടും ഔദ്യോഗിക നടപടിക്രമങ്ങൾ പേര് പറഞ്ഞാണ് കേന്ദ്ര സർക്കാരിന്‍റെ ഇഴച്ചിൽ. ഏറ്റവും പുതുതായി സമർപ്പിച്ച സത്യവാങ്മൂലത്തിലും വയനാടിനെ പുനരധിവസിപ്പിക്കാൻ എന്ത് പാക്കേജെന്നും വ്യക്തമാക്കുന്നില്ല. നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് വിശദീകരണം. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 153. 4 കോടി രൂപ കേരളത്തിന് അനുവദിക്കാൻ ഇക്കഴിഞ്ഞ നവംബർ 16ന് തീരുമാനിച്ചു എന്നാണ് അറിയിപ്പ്.