കഫേയിൽ ഒരുകുപ്പി വെള്ളത്തിന് ഈടാക്കിയത് 41 രൂപ; ഏഴ് വർഷത്തെ കേസിനൊടുവിൽ..



സാധനങ്ങൾക്ക് തോന്നുന്നതുപോലെ വില ഈടാക്കുന്ന പല കടകളുണ്ട്. അവർ പറയുന്ന പൈസ കൊടുത്ത് സാധനങ്ങൾ വാങ്ങേണ്ടി വരും നമുക്ക്. എംആർപിയെക്കാൾ‌ ഉയർന്ന വിലയായിരിക്കും പലപ്പോഴും ഇങ്ങനെ ഉള്ള കടക്കാർ ഈടാക്കുക. അതുപോലെ ഈടാക്കിയ ഒരു കഫേയോട് പിഴയടക്കാൻ ഉത്തരവിട്ടിരിക്കുകയാണ് വഡോദര കൺസ്യൂമർ കമ്മീഷൻ.

വഡോദരയിലെ കബീർസ് കിച്ചൻ കഫേ ഗാലറിയിൽ നിന്നാണ് ജതിൻ വലങ്കർ 750 മില്ലിയുടെ കുപ്പിവെള്ളം ഓർഡർ ചെയ്‌തത്. മിക്ക റെസ്റ്റോറൻ്റുകളിലും കഫേകളിലും പോലെ, മെനു പ്രകാരം കുപ്പിയുടെ വില 39 രൂപയായിരുന്നു. എന്നാൽ, കുപ്പിയുടെ MRP 20 രൂപ മാത്രമായിരുന്നു. നികുതിയുൾപ്പടെ കഫേ ഈടാക്കിയതാവട്ടെ 41 രൂപയും. അതായത്, എംആർപിയിൽ പറഞ്ഞതിനേക്കാൾ 21 രൂപ അധികം.

വഡോദര ഉപഭോക്തൃ കമ്മീഷനാണ് ജതിൻ വലങ്കറിന് 5,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. ഏഴ് വർഷമാണ് കേസ് നീണ്ടുനിന്നത്. കഫേയുടെ നടപടി അന്യായമാണെന്ന് കോടതി വ്യക്തമാക്കി. ഏഴ് വർഷത്തെ കാലതാമസത്തിന് 9% പലിശ സഹിതം അധിക തുകയായ 21 രൂപ തിരികെ നൽകാനും കഫേയോട് കോടതി ഉത്തരവിട്ടു. 7 വർഷത്തെ നിയമപോരാട്ടത്തിന് വരുന്ന ചിലവെന്ന നിലയിൽ 2000 രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Previous Post Next Post