പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച


തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച് നിയമസഭയിലേക്കെത്തുന്ന പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും.

ചേലക്കരയിൽ​ നിന്നു വിജയിച്ച സി​പി​എം നേ​താ​വ് യു.ആര്‍. ​പ്രദീപ്, പാലക്കാട് നിന്നു വിജയിച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെം​ബേഴ്സ് ലോഞ്ചിലാണ് നടക്കുക.

2016–21 കാലയളവിൽ‌ എംഎൽഎ ആയിരുന്ന യു.ആർ. ​പ്രദീപ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.​ ​രാധാകൃഷ്ണനു ചേലക്കരയിൽ​ നിന്നും മത്സരിക്കാനായി മാറി നിന്നു. രാധാകൃഷ്ണൻ ആലത്തൂരിൽ നിന്നും പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് പ്രദീപ് വീ​ണ്ടും നിയമസഭയിലെത്തുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ നിയമസഭയിലേക്ക് ആദ്യമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാ​ല​ക്കാ​ട് എം​എ​ൽ​എ​യാ​യി​രു​ന്ന ഷാഫി പറമ്പിൽ വടകരയിൽ നിന്നും പാർലമെന്‍റിലേക്ക് പോയ ഒഴിവിലേക്കാണ് രാഹുലിന്‍റെ വരവ്. ഇരുവരുടെയും ഇരിപ്പിടങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നിശ്ച​യിക്കും.

നേരത്തെ നിയമസഭാംഗമായിരുന്നതിനാൽ പ്രദീപിന് രണ്ടോ മൂന്നോ നിരയിൽ സീറ്റ് ലഭിക്കും. എന്നാൽ, ആദ്യമായി നിയമസഭാംഗമായെത്തുന്ന രാഹുലിന് പ്രതിപക്ഷത്ത് പിൻനിരയിലായിരിക്കും ഇരിപ്പിടം ലഭിക്കാനുള്ള സാധ്യത.
Previous Post Next Post