വോട്ടെണ്ണിത്തീരും മുമ്പേ വീട്ടിലേക്ക് മടങ്ങി മൊകേരി; പ്രതീക്ഷ തെറ്റിക്കാതെ യുഡിഎഫ്…



ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങി. കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം കുതിക്കുന്നതിനിടെയാണ് മൊകേരിയുടെ മടക്കം. പരാജയം ഉറപ്പായതോടെ വോട്ടെണ്ണൽ പകുതിയാകും മുമ്പാണ് സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങിയത്. നിലവിൽ പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം ഒന്നരലക്ഷം കടന്നിരിക്കുകയാണ്. രാഹുൽ ​ഗാന്ധിയുടെ അഞ്ചുലക്ഷം ഭൂരിപക്ഷം നേടാൻ സാധ്യതയില്ലെങ്കിലും 4 ലക്ഷം കണക്കാക്കുന്നുണ്ട് യുഡിഎഫ്.

വയനാട്ടിൽ പിന്നോട്ട് പോയതാടെ പ്രതികരണവുമായി സന്തോഷ്‌ കുമാർ എംപി രം​ഗത്തെത്തി. പ്രതികൂല രാഷ്ട്രീയ സാഹചര്യം ഉള്ള മണ്ഡലത്തിൽ മുന്നേറാൻ ആവശ്യമായ പരിശ്രമങ്ങളിൽ പരാജയപ്പെട്ടുവെന്ന് എംപി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. വീറും വാശിയും ഉള്ള തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞില്ല. മെച്ചപ്പെടുത്തേണ്ട സംഘടനാ കാര്യങ്ങൾ വയനാട്ടിൽ ഉണ്ടായിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും സന്തോഷ്‌ കുമാർ പ്രതികരിച്ചു.

11 മണിയോടെ വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഒന്നര ലക്ഷത്തിലേക്ക് ലീഡ് പിടിച്ച് മുന്നേറ്റം തുടരുകയാണ്. ചേലക്കരയിൽ യുആർ പ്രദീപ് എട്ടായിരത്തിന് മുകളിൽ ലീഡ് നിലനിർത്തുന്നു. പാലക്കാട് നിലവിൽ 1000 വോട്ടുകൾക്ക് രാഹുൽ മുന്നിലാണ്. പാലക്കാട് മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളിലും ആദ്യ റൌണ്ടിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. ബിജെപിക്ക് മുൻതൂക്കമുളള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ റൌണ്ട് ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും രണ്ടാം റൌണ്ടിൽ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു. പിന്നീട് ഈ മുന്നേറ്റം തുടർന്ന യുഡിഎഫിന് അഞ്ചാം റൌണ്ടിൽ തിരിച്ചടിയുണ്ടായെങ്കിലും ഏഴാം റൌണ്ടിൽ വീണ്ടും ലീഡ് തിരിച്ച് പിടിച്ചു. അഞ്ചാം റൌണ്ടിൽ മൂത്താന്തറ ഉൾപ്പെടുന്ന മേഖലയിലാണ് ബിജെപി ലീഡ് പിടിച്ചത്.

പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരനുണ്ടാക്കിയ നേട്ടമുണ്ടാക്കാൻ സി കൃഷ്ണകുമാറിന് സാധിച്ചില്ല. നഗരസഭയിൽ ഇത്തവണ ബിജെപിക്ക് കുറഞ്ഞ വോട്ടുകൾ, കോൺഗ്രസിലേക്കാണ് വോട്ട് ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് നഗരസഭയിൽ കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.

ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല.

Previous Post Next Post