കൊച്ചി: കോതമംഗലത്ത് പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ പോയി വഴിതെറ്റിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെയാണ് കുട്ടമ്പുഴ വനത്തിനകത്ത് ആറു കിലോമീറ്റര്‍ അകലെ അറക്കമുത്തി എന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയത്.മൂന്ന് പേരും സുരക്ഷിതരെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.
കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലേക്ക് കയറിപ്പോയ മായയുടെ പശുവിനെ ബുധനാഴ്ചയാണ് കാണാതായത്. പശുവിനെ തിരക്കി മൂവരും വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാടിനുള്ളിലേക്ക് പോവുകയായിരുന്നു.തുടർന്ന് ഇവരെ കാണാതെയാകുകയായിരുന്നു.കാണാതായ മായയുമായി നാല് മണിയോടെ ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചിരുന്നു.വഴിതെറ്റി ആനക്കൂട്ടത്തിന്റെ ഇടയില്‍പ്പെട്ടോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. പൊലീസും അഗ്‌നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തിരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തി. കാട്ടില്‍ തുടര്‍ന്ന രണ്ടു സംഘമാണ് ഇന്ന് രാവിലെ മൂവരെയും കണ്ടെത്തിയത്.