ഇന്നലെ രാത്രി പതിനൊന്നരയോടെ പൂര്‍ണമായി കരയില്‍ പ്രവേശിച്ച ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മായിട്ടുണ്ട്. പുതുച്ചേരി, കടലൂര്‍, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 4 പേര്‍ മരിച്ചതായാണ് വിവരം. വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റാണ് മൂന്നു പേർക്കും ജീവൻ നഷ്ടമായത്. കാലാവസ്ഥാ പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തുറന്നു.
അടുത്ത 24 മണിക്കൂർ അതിശക്തമായ മഴ തുടരുമെന്നാണ് സൂചനകൾ. വെള്ളപ്പൊക്കഭീഷണിയെ തുടർന്ന് സ്കൂളുകളും കോളജുകളും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ചെന്നൈയിൽ പലയിടങ്ങളിലും റെയിൽപാളങ്ങൾ വെള്ളത്തിനടിയിലായതിനാൽ ട്രെയിൻ സർവീസുകളും താറുമാറായി. പാളങ്ങളില്‍ വെള്ളം കയറിയതോടെ ചെന്നൈയില്‍ സബേര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ദീര്‍ഘദൂര ട്രെയിനുകള്‍ പലതും വഴിതിരിച്ചുവിട്ടു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിലും പേമാരിയിലും ചെന്നൈ നഗരവും സമീപ ജില്ലകളിലും ദുരിതത്തിലായി. മഴയില്‍ റോഡുകള്‍ മുങ്ങി. ചെന്നൈ നഗരത്തിലെ ഏഴ് അടിപ്പാതകൾ അടച്ചിട്ടു. ശക്തമായ കാറ്റുമൂലം തമിഴ്‌നാട്ടില്‍ മിക്ക പ്രദേശങ്ങളിലും വിച്ഛേദിക്കപ്പെട്ട വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.നൂറുക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.