കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ല…ശക്തമായ പ്രതിഷേധത്തിൽ നാട്ടുകാർ…




വയനാട് : മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ബേസ് ക്യാമ്പിൽ നാട്ടുകാരുടെ പ്രതിഷേധം. ദൗത്യം വൈകുന്നതിലാണ് പ്രതിഷേധം. കടുവയെ ഉടൻ‌ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അടിക്കാട് വെട്ടിത്തെളിക്കണമെന്ന് പറഞ്ഞിട്ട് നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു സ്ത്രീയാണ് മരിച്ചത്. അതിനെ ഗൗരവത്തോടെ ഉദ്യോഗസ്ഥർ കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഒരാൾ മരിച്ചിട്ട് നഷ്ടപരിഹാരം കൊടുത്താൽ മതിയാകുമോ എന്ന് നാട്ടുകാർ ചോദിച്ചു. നഷ്ടപരിഹാരമല്ല വിഷയമെന്നും കടുവയെ കൊന്നാൽ മതിയെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുമായി ഡിഎഫ്ഒ സംസാരിച്ചെങ്കിലും പ്രതിഷേധം അടങ്ങിയില്ല. തങ്ങൾ വീണ്ടും വിഡ്ഢികളാകണോയെന്നും കടുവയെ കൊല്ലാതെ വിടില്ലെന്നും നാട്ടുകാർ പറഞ്ഞു. ഡോ.അരുൺ സക്കറിയ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ജനങ്ങൾ ഭയത്തിലാണെന്ന് പ്രതിഷേധക്കാർ പറയുന്നു. കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ‍
Previous Post Next Post