സംസ്ഥാനപാതയിൽ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്കേറ്റ്




പാലക്കാട് മുണ്ടൂർ- ചെറുപ്പുളശ്ശേരി സംസ്ഥാനപാതയിൽ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ലോഡുമായി വരികയായിരുന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലൂടെ നിരങ്ങിയെത്തിയ ലോറി ഒരു ബസിൽ ഇടിച്ചാണ് നിന്നത്. കോങ്ങാട് ഏഴക്കാട് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ മിനിലോറി ഡ്രൈവ൪ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ അലന് ആണ് പരിക്കുപറ്റിയത്. 

ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗതയിലെത്തിയ ലോറി ചെറിയ വളവ് തിരിയുന്നതിനിടെ നിയന്ത്രം വിടുകയായിരുന്നു. ഒരു വശം ചെരിഞ്ഞ് വീണ ലോറി ഏറെ ദൂരം റോഡിലൂടെ നിരങ്ങി നീങ്ങി എതിർ ദിശയിൽ വന്ന സ്വകാര്യ ബസിലിടിച്ചാണ് നിന്നത്. ലോറി അപകടത്തിൽപ്പെട്ടത് കണ്ട് ബസ് ഡ്രൈവർ വാഹനം വലത് വശത്തേക്ക് വെട്ടിച്ച് ഒഴിവാക്കിയതിനാൽ വൻ ദുരന്തം തലനാരിഴക്കാണ് ഒഴിവായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Previous Post Next Post