ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേത് ദാരുണ ദുരന്തം.. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം.. അപകടത്തിന് കാരണമായത് സ്‌റ്റെയര്‍കേസ്….


ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ കുംഭമേളയ്ക്ക് പോകാന്‍ എത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തില്‍, ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപ വീതവും, ചെറിയ പരിക്കുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.

പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ നിര്‍ത്തിയിട്ട പ്രയാഗ്‌രാജ് എക്‌സ്പ്രസില്‍ കയറാന്‍ തിരക്ക് ഉണ്ടായിരുന്നു. കൂടാതെ സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകുകയും ചെയ്തു. ഇതോടെ തിരക്ക് അധികരിച്ചു.തിരക്ക് നിയന്ത്രിക്കാന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 14ന്റെയും 15ലെയും സ്റ്റെയര്‍കേസ് അധികൃതര്‍ ബ്ലോക്ക് ചെയ്തതതും അപകടകാരണമായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്റ്റെയര്‍കേസില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. ട്രെയിനുകള്‍ വൈകുമെന്നറിഞ്ഞതോടെ തിരക്ക് അധികരിച്ചു. ട്രെയിനില്‍ കയറിപ്പറ്റാന്‍ ആളുകള്‍ തിരക്ക് കൂട്ടി. ഇത് അപകടത്തിലേക്ക് നയിച്ചു – ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉന്തും തള്ളും ഉണ്ടായതോടെ ആളുകള്‍ നിലത്തേക്ക് വീണു. ചിലര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ചെയ്തു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ സ്വന്തം നാടുകളിലേക്ക് എത്തിക്കാന്‍ റെയില്‍വേ ജീവനക്കാരോട്, റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തത്തില്‍ റെയില്‍വേ മന്ത്രാലയം ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. കുംഭമേളയ്ക്കായി പ്രയാഗ് രാജ് എക്‌സ്പ്രസില്‍ പോകാനായി ആയിരക്കണക്കിന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്.


Previous Post Next Post