പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍, എരുമപ്പാല്‍ തുടങ്ങിയവയേക്കാൾ ഗുണം പാറ്റയുടെ പാലെന്നാണ് ഗവേഷകര്‍!


പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍, എരുമപ്പാല്‍ തുടങ്ങി നിരവധി തരത്തിലുള്ള പാലുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പാറ്റയുടെ പാലിനെ കുറിച്ച് കേട്ടിട്ടുണ്ടോ? പശുവിന്‍ പാലിനേക്കാള്‍ പോഷകസമൃദ്ധമാണ് പാറ്റയുടെ പാലെന്നാണ് ഗവേഷകര്‍ പറയുന്നത്. 'സൂപ്പര്‍ഫുഡ് കാറ്റഗറി'യിലെ പുതിയ എന്‍ട്രിയെന്നാണ് പാറ്റയുടെ പാല്‍ വിശേഷിപ്പിക്കപ്പെടുന്നത്.


പാറ്റയുടെ പാല്‍, പ്രത്യേകിച്ച് Diploptera punctata എന്ന ഇനത്തില്‍ പെട്ട പാറ്റയുടെ പാല്‍ പശുവിന്‍ പാലിനേക്കാള്‍ മൂന്നിരട്ടി പോഷകസമൃദ്ധമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പാറ്റയുടെ പാലില്‍ ശ്രദ്ധേയമായ ആരോഗ്യഗുണങ്ങള്‍ അടങ്ങിയിരിക്കാമെന്നാണ് പോഷകാഹാരവിദഗ്ധരും വിലയിരുത്തുന്നത്. പ്രോട്ടീനുകള്‍, കൊഴുപ്പ്, പഞ്ചസാര എന്നിവയാല്‍ സമ്പുഷ്ടമായ ഈ പാല്‍ ഏറ്റവും പോഷകകരമായ പദാര്‍ത്ഥങ്ങളില്‍ ഒന്നാകാമെന്ന് ഗവേഷകര്‍ പറയുന്നു.

പാറ്റയുടെ പാലില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ സംബന്ധിച്ചും പ്രത്യേകതകള്‍ സംബന്ധിച്ചും കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്. ഗവേഷണം പ്രാരംഭഘട്ടത്തിലാണെങ്കിലും, പുതിയ കണ്ടുപിടുത്തം ബദല്‍, സുസ്ഥിര ഭക്ഷണ സ്രോതസുകള്‍ക്കായി പുതിയ വാതിലുകള്‍ തുറക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. പെണ്‍ പാറ്റകള്‍ കുഞ്ഞുങ്ങള്‍ക്കായി ഉത്പാദിപ്പിക്കുന്നതാണ് പാല്‍ പോലുള്ള ദ്രാവകമെന്ന് 2016ല്‍ ജേണല്‍ ഓഫ് ദി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ക്രിസ്റ്റലോഗ്രാഫിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.


എരുമപ്പാലിനേക്കാള്‍ മൂന്നിരട്ടി കലോറി പാറ്റയുടെ പാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. മാത്രമല്ല, കോശങ്ങളുടെ ആരോഗ്യത്തില്‍ നിര്‍ണായകമായ നിരവധി പ്രോട്ടീനുകളും അമിനോ ആസിഡുകളും ആരോഗ്യകരമായ പഞ്ചസാരയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഗുണങ്ങള്‍ ഏറെയാണെങ്കിലും പാറ്റപ്പാല്‍ ഇതുവരെ മനുഷ്യ ഉപഭോഗത്തിന് ലഭ്യമായിത്തുടങ്ങിയിട്ടില്ല. ഇതിന് ഏറ്റവും വലിയ തടസ്സം ഉത്പാദനം തന്നെയാണെന്ന് ഗവേഷകരെ ഉദ്ധരിച്ച് ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Previous Post Next Post