ഹൈദരാബാദ്: സർപ്പദോഷം തീർക്കാനായി ദൈവത്തിന് ബലി എന്ന പേരിൽ 7 മാസം പ്രായമുള്ള മകളെ കൊന്ന 32 കാരിക്ക് വധശിക്ഷ വിധിച്ച് സൂര്യപേട്ട് കോടതി. ലാസ്യ എന്നറിയപ്പടുന്ന ബി. ഭാരതിയാണ് രണ്ട് വർഷം മുൻപ് സ്വന്തം മകളെ കൊന്നത്. പിന്നീട് ഭർത്താവ് കൃഷ്ണയെ കൊല്ലാനും ഇവർ ശ്രമിച്ചിരുന്നു. ഭാരതിയുടെ പ്രവൃത്തി അപൂർവങ്ങളിൽ അപൂർവമാണെന്നും അതു കൊണ്ടു തന്നെ വധശിക്ഷ വിധിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
ഭാരതിയും കൃഷ്ണയും സ്കൂൾ കാലം മുതലേ പ്രണയത്തിലായിരുന്നു. പോളിയോ ബാധ മൂലം വലതുകാലിന് സ്വാധീനം കുറവായിരുന്ന കൃഷ്ണയുമായുള്ള വിവാഹം വീട്ടുകാർ എതിർത്തു. ഇതോടെ ഭാരതി മറ്റൊരാളെ വിവാഹം കഴിച്ചു. 2019ൽ വിവാഹമോചിതയായതിനു ശേഷം കൃഷ്ണയെ വിവാഹം കഴിച്ചു. മുൻ വിവാഹത്തിലെ പ്രശ്നങ്ങൾ മൂലം ഭാരതി മാനസികപ്രശ്നങ്ങൾ നേരിട്ടിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു കാലം കഴിഞ്ഞപ്പോഴാണ് ഒരു ജ്യോത്സ്യൻ ഭാരതിക്ക് സർപ്പദോഷമുണ്ടെന്നും ജീവിതമുടനീളം ഇതു മൂലം ബുദ്ധിമുട്ടുകളുണ്ടാകുമെന്നും പ്രവചിച്ചത്. ഇതോടെ ഭാരതി കടുത്ത ദുഖത്തിലായി. സർപ്പദോഷ പരിഹാരവുമായി ബന്ധപ്പെട്ട നിരവധി വിഡിയോകൾ ഇവർ കണ്ടിരുന്നതായും കൃഷ്ണ പറയുന്നു. പിന്നീടാണ് പൂജ നടത്താനും മകളെ ബലി കൊടുക്കാനും തീരുമാനിച്ചത്.
2021 ഏപ്രിൽ 15ന് സൂര്യപേട്ടിലെ വീട്ടിൽ സ്വന്തം കിടപ്പു മുറിയിൽ വച്ചായിരുന്നു പൂജ നടത്തിയത്. സംഭവ സമയത്ത് കൃഷ്ണയുടെ കിടപ്പുരോഗിയായ അച്ഛൻ അടുത്ത മുറിയിൽ ഉണ്ടായിരുന്നു. മേലാകെ ചന്ദനവും മഞ്ഞളും പൂശിയതിനു ശേഷം ഭാരതി മകളുടെ കഴുത്തും നാവും അറുത്തു. കുട്ടിയുടെ കരച്ചിൽ ശബ്ദം കേട്ടുവെങ്കിലും നടക്കാൻ ആകാഞ്ഞതിനാൽ കൃഷ്ണയുടെ പിതാവിന് യാതൊന്നും ചെയ്യാനായില്ല. അൽപ്പ സമയം കഴിഞ്ഞപ്പോൽ രക്തം പുരണ്ട വസ്ത്രങ്ങളുമായി പുറത്തെത്തിയ ഭാരതി കുട്ടിയെ ബലി നൽകിയെന്ന് അറിയിച്ചു കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. കൃഷ്ണയുടെ പിതാവ് അയൽക്കാരെ അറിയിച്ചതോടെ കുട്ടിയെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2021ൽ തന്നെ കേസിലെ കുറ്റപത്രം പൊലീസ് സമർപ്പിച്ചു. ജാമ്യത്തിൽ പുറത്തിറങ്ങിയ ഭാരതി പിന്നീടും ഭർത്താവിനൊപ്പമായിരുന്നു താമസം. 2023ൽ ഉറങ്ങിക്കിടക്കേ കൃഷ്ണയുടെ തലയിൽ ഭാരതി കല്ലു കൊണ്ട് ഇടിച്ചു. കൃഷ്ണയുടെ പരാതിയിൽ പൊലീസ് വീണ്ടും കേസെടുത്ത് ഭാരതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.