
വിമാനത്താവളത്തിലെത്തിയ അജിത്തിനെ ആരാധകർ വളഞ്ഞു. കാലിന് പരിക്കേറ്റ നടൻ ആശുപത്രിയിൽ. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പത്മ ഭൂഷൺ വാങ്ങി തിരിച്ച് ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ആരാധകർ അദ്ദേഹത്തിന് ചുറ്റും കൂടിയത്. ഇതെത്തുടർന്നാണ് അജിത്തിന്‍റെ കാലിന് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ നിന്ന് ചെന്നൈയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന വലിയ ജനക്കൂട്ടം അവിടെ ഉണ്ടായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാത്തതാണ് അജിത്തിന്‍റെ അപകടത്തിന് കാരണമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. അജിത്തിനെ ഫിസിയോതെറാപ്പിക്ക് വേണ്ടി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഇന്ന് വൈകുന്നേരം തന്നെ നടനെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
നടനോ അദ്ദേഹത്തിന്‍റെ ടീമോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ലെങ്കിലും, താരം സുഖമായിരിക്കണമെന്ന് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്.