കോട്ടയം: സംസ്ഥാന സർക്കാരിന്‍റെ 4-ാം വാർഷികാഘോഷവും, വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവും കൂട്ടിക്കലർത്തേണ്ടെന്നും, ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കലാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണോ അതോ lതുറമുഖ ഉദ്ഘാടനത്തിനാണോ പ്രധാനമന്ത്രി വരുന്നത് എന്ന് ബിജെപിയും സിപിഎമ്മും തന്നെ വ്യക്തമാക്കട്ടെയെന്നും പ്രതിപക്ഷ നേതാവ്.
തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷത്തെ ക്ഷണിച്ചില്ല. അത് സര്‍ക്കാരിന്‍റെ തീരുമാനമാണ്. അതില്‍ പരിഭവവും പരാതിയുമില്ല. ആദ്യം വിഴിഞ്ഞത്ത് കപ്പല്‍ അടുത്തപ്പോള്‍ ക്ഷണിച്ചിരുന്നു. അതു കഴിഞ്ഞ് നടത്തിയ പരിപാടിയിലേക്കും ഇപ്പോഴത്തെ പരിപാടിയിലേക്കും ക്ഷണിച്ചിട്ടില്ല. സര്‍ക്കാരിന്‍റെ 4ാം വാര്‍ഷികത്തിന്‍റെ ഭാഗമായ പരിപാടിയാണെന്നും വാര്‍ഷികവുമായി പ്രതിപക്ഷം സഹകരിക്കാത്തതു കൊണ്ടുമാണ് വിളിക്കാതിരുന്നതെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ 6,000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്നും കടല്‍ക്കൊള്ളയാണെന്നും പ്രഖ്യാപിച്ച ആളാണ് പിണറായി. അതേ പിണറായിയും സിപിഎമ്മും പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ അതിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്, വൈക്കം മുഹമ്മദ് ബഷീറിന്‍റെ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍മപ്പെടുത്തുന്നതാണ്- വി.ഡി. സതീശൻ പരിഹസിച്ചു.
അതേസമയം, വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് അർഹരായവർക്ക് ജനങ്ങൾ നൽകിക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഈ പദ്ധതിയുടെ ക്രെഡിറ്റ് നാടിനാകെയാണ്. കല്ലിട്ടതുകൊണ്ട് കാര്യങ്ങളാകെ പൂർത്തിയാവില്ല. പതിറ്റാണ്ടുകളായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണിത്. ആ സാക്ഷാത്കാരത്തിൽ കഴിഞ്ഞ 9 വർഷം നിർണായകമായിരുന്നു. നമ്മുടെ നാടിന്‍റെ മുന്നേറ്റത്തിന് സഹായിക്കുന്ന എല്ലാ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുകയാണ് ഈ സർക്കാരിന്‍റെ നയമെന്ന് മുഖ്യമന്ത്രി.
ഏതെങ്കിലും ബോട്ട് തള്ളിക്കൊണ്ടുവന്ന് ഉദ്ഘാടനം നടത്തുകയല്ല വിഴിഞ്ഞത്ത് നടക്കുന്നത്. ഇപ്പോൾ കപ്പലോടുന്നതിലേക്ക് കാര്യങ്ങൾ എത്തിയല്ലോ. ഉദ്ഘാടനത്തിന് സംസ്ഥാന സർക്കാർ അംഗീകരിച്ച ലിസ്റ്റിൽ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളേ ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി അംഗീകരിച്ച ലിസ്റ്റിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ഉൾപ്പെടെയുണ്ട്. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെയോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയോ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയോ തങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവ് ഉദ്ഘാടന ചടങ്ങിലെത്തണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.