മോഷണക്കുറ്റം ആരോപിച്ച് കടയുടമ ശകാരിച്ച 12 കാരൻ ജീവനൊടുക്കി



കോൽക്കത്ത: കോൽക്കത്തയിൽ ചിപ്സ് മോഷ്ടിച്ചെന്നാരോപിച്ച് കടയുടമ പരസ്യമായി ശിക്ഷിച്ച 12 വയസുകാരൻ ജീവനൊടുക്കി. പശ്ചിമ മേദിനിപൂർ ജില്ലയിലെ പാൻസ്കുരയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കീടനാശിനി കഴിച്ചാണ് ഏഴാംക്ലാസുകാരനായ കൃഷേന്ദ് ദാസ് ജീവനൊടുക്കിയത്.

ഉച്ചയോടെ അമ്മയുടെ പക്കൽ നിന്നും പണം വാങ്ങി കൃഷേന്ദു ചിപ്സ് വാങ്ങാനായി കടയിലേക്ക് പോയി. വഴിയിൽ വച്ച് ചിപ്സിന്‍റെ ഒഴിഞ്ഞ കവർ കണ്ട കുട്ടി അത് ശേഖരിച്ചു വച്ചു. തുടർന്ന് കടയിലെത്തിയപ്പോൾ കടയുടമ അവിടെ ഉണ്ടായിരുന്നില്ല. ഏറെ നേരം വിളിച്ചെങ്കിലും ആരെയും കാണാതായതോടെ കുട്ടി തിരികെ പോവാനൊരുങ്ങി. അപ്പോഴേയ്ക്കും കടയിലേക്കെത്തിയ ശുഭാങ്കർ ദീക്ഷിത് എന്നു പേരുള്ള ഉടമ കുട്ടിയുടെ കൈയിൽ കവർ കണ്ടതോടെ കുട്ടി ചിപ്സ് മോഷ്ടിച്ചതാണെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് പൊതുജന മധ്യത്തിൽ വച്ച് ശകാരിക്കുകയും തല്ലുകയും ചെയ്തു. മാത്രമല്ല കുട്ടിയെകൊണ്ട് സിറ്റ് അപ്പും ചെയ്യിപ്പിച്ചു.

പിന്നീട് കൃഷേന്ദുവിന്‍റെ അമ്മയെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി മുറിയിൽ കയറി കതക് അടയ്ക്കുകയായിരുന്നു. ഏറെ നേരത്തിനു ശേഷം അമ്മയും നാട്ടുകാരും ചേർന്ന് കതക് തല്ലിപ്പൊളിച്ച് നോക്കുമ്പോൾ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുറിയിൽ നിന്നും കുട്ടി എഴുതിയ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. "അമ്മേ, ഞാൻ കള്ളനല്ല. ഞാൻ ചിപ്സ് മോഷിടിച്ചിട്ടില്ല. കടയുടമയായ അങ്കിളിനെ ഏറെ നേരം കാത്തിരുന്നിട്ടും അദ്ദേഹം വന്നില്ല. ഞാൻ വഴിയിൽ കിടന്ന ചിപ്സ് പാക്കറ്റാണ് എടുത്തത്. അവ എനിക്ക് വളരെ ഇഷ്ടമാണ്. കീടനാശിനി കഴിച്ചതിൽ എന്നോട് ക്ഷമിക്കൂ അമ്മേ...'' എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
أحدث أقدم