
പത്തനംതിട്ട: ഏനാത്ത് സ്വദേശിയായ 40 കാരി വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ ഏനാത്ത് പൊലീസ് പിടികൂടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ (23) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ മൊബൈൽ ഫോണിലെ വാട്ട്സ് ആപ്പിലേക്ക് 12ന് രാത്രി 12.15 നാണ് 140 ഓളം അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വന്നത്.
പിറ്റേന്ന് രാവിലെ ഏഴ് മണിയോടെയാണ് വീട്ടമ്മ സന്ദേശം ശ്രദ്ധിച്ചത്. തുടർന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിച്ചു. അയച്ച ആളുടെ ഫോൺ നമ്പരിലേക്ക് വിളിച്ചു.തനിക്ക് മെസെഞ്ചറിൽ വീട്ടമ്മയുടെ ഫോൺ നമ്പറും ഒരു മെസേജും ആരോ ഇട്ടുകൊടുത്തെന്നും, തുടര്‍ന്ന് ഈ നമ്പറിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുവെന്നുമാണ് മറുപടി നൽകിയത്.
പിന്നാലെ ഫോൺ കട്ടാക്കുകയും ചെയ്തു. തന്റെ ഫോൺ നമ്പർ യുവാവിന് ആരാണ് അയച്ചതെന്ന് അറിയില്ലെന്നും വീട്ടമ്മയുടെ പരാതിയിൽ വിശദമായി പറയുന്നു.മാനഹാനി മൂലം വിഷമത്തിലായ വീട്ടമ്മ ഏനാത്ത് പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എസ് സിപിഓ ഷൈൻ കുമാർ മൊഴിരേഖപ്പെടുത്തി, ബിഎൻഎസിലെയും ഐ ടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പൊലീസ് ഇൻസ്‌പെക്ടർ എ ജെ അമൃത് സിംഗ് നായകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ പോലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കുകയും, യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.