സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് രാഷ്ട്രപതി. ഭരണഘടനയിൽ ഇത്തരമൊരു വ്യവസ്ഥ ഇല്ലാതിരിക്കെ സുപ്രീംകോടതിക്ക് എങ്ങനെയാണ് ഇത്തരമൊരു വിധി പുറപ്പെടുവിക്കാനാകുക എന്ന് രാഷ്ട്രപതി സുപ്രീംകോടതിയോട് ചോദിച്ചു. ഇതുൾപ്പെടെ 14 വിഷയങ്ങളിലാണ് രാഷ്ട്രപതി സുപ്രീംകോടതിയോട് വ്യക്തത തേടിയിരിക്കുന്നത്.
സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്തതാണ് രാഷ്ട്രപതിയുടെ നടപടി. തമിഴ്‌നാട് ഗവർണർക്കെതിരെ സ്റ്റാലിൻ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ജസ്റ്റിസ്മാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവർ ബെഞ്ചിൻ്റേതായി വിധി പ്രസ്താവിച്ചത്. ഏപ്രിൽ എട്ടിനാണ് സുപ്രീം കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്.
ഭരണഘടനയുടെ 143(1) വകുപ്പ് പ്രകാരമാണ് സുപ്രീം കോടതിയോട് രാഷ്ട്രപതി ചോദ്യം ഉന്നയിച്ചത്. ഗവർണർക്കും രാഷ്ട്രപതിക്കും ബാധകമായ ഭരണഘടനയുടെ 200, 201 വകുപ്പുകളിൽ ബില്ലുകളിൽ പരിഗണിക്കുമ്പോൾ സമയപരിധി നിശ്ചയിക്കാത്ത സാഹചര്യത്തിൽ സുപ്രീം കോടതി എങ്ങനെയാണ് ഇതിൽ ഇത്തരത്തിൽ വിധി പുറപ്പെടുവിക്കാനാകുക എന്നാണ് രാഷ്ട്രപതി ചോദിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും മുർമുവിനെ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിധിയിൽ വ്യക്തത തേടിയുള്ള രാഷ്ട്രപതിയുടെ നിർണ്ണായക നീക്കം.
രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങൾ:
∙ ഭരണഘടനയുടെ 200–ാം അനുച്ഛേദ പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്കു മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ്?
∙ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാർ ബാധ്യസ്ഥനാണോ?
∙ ഭരണഘടനയുടെ 200–ാം അനുച്ഛേദ പ്രകാരം ഗവർണർമാർക്കുള്ള വിവേചനാധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?
∙ ഭരണഘടനയുടെ 200–ാം അനുച്ഛേദ പ്രകാരം ഗവർണർമാർ എടുക്കുന്ന തീരുമാനങ്ങൾക്ക് 361–ാം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ബാധകമല്ലേ?
∙ ബില്ലുകളിൽ തീരുമാനം എടുക്കാൻ ഭരണഘടനയിൽ ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കാത്ത സാഹചര്യത്തിൽ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനമെടുക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കുമോ?
∙ ഭരണഘടനയുടെ 201–ാം അനുച്ഛേദപ്രകാരം രാഷ്ട്രപതിക്ക് ഭരണഘടനാപരമായ വിവേചന അധികാരമില്ലേ?
∙ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഭരണഘടനയിൽ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലാത്ത കോടതിയിൽ സമയപരിധിയും എങ്ങനെ തീരുമാനം എടുക്കണമെന്നുള്ളതിനാൽ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമോ?
∙ ഭരണഘടനയുടെ 143ാം അനുച്ഛേദം അനുസരിച്ച്, ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ?
∙ ബില്ലുകൾ നിയമം ആകുന്നതിന് മുമ്പ് അതിലെ ഉള്ളടക്കം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതികൾക്ക് അധികാരം ഉണ്ടോ?
∙ അനുച്ഛേദം 142 പ്രകാരം, രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഭരണഘടനാപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാൻ കോടതിക്ക് കഴിയുമോ?
∙ നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണറുടെ അംഗീകാരമില്ലാതെ നിയമമാക്കാൻ സാധിക്കുമോ?
∙ അനുച്ഛേദം 145(3) പ്രകാരം, ഭരണഘടനാ വ്യാഖ്യാനങ്ങൾ ഉള്ള വിഷയങ്ങളിൽ സുപ്രീം കോടതിയുടെ ഏതെങ്കിലും ബെഞ്ച് ആദ്യം തീരുമാനം എടുക്കണമെന്ന നിബന്ധനയില്ല. അഞ്ചംഗ ജഡ്ജിമാർ ഉൾപ്പെടുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അല്ലേ പരിഗണിക്കേണ്ടത്?
∙ മൗലിക അവകാശ ലംഘനം ഉണ്ടാകുമ്പോൾ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാൻ അധികാരം നൽകുന്ന ഭരണഘടനയുടെ 32–ാം അനുച്ഛേദം ഉപയോഗിച്ച് കേന്ദ്ര സർക്കാരിന് എതിരെ സംസ്ഥാനങ്ങൾ സമർപ്പിച്ച റിട്ട് ഹർജി നിലനിൽക്കുമോ?
∙ സംസ്ഥാനങ്ങൾ സർക്കാരിന് എതിരെ ഭരണഘടനയുടെ 131–ാം അനുച്ഛേദ പ്രകാരം സ്യൂട്ട് ഹർജി അല്ലേ നൽകേണ്ടത്?