കോഴിക്കോട് സെക്‌സ് റാക്കറ്റിൽ നിന്നും രക്ഷപ്പെട്ട് 17കാരി പൊലീസിൽ അഭയം തേടിയ സംഭവം; പ്രതി പിടിയിൽ



കോഴിക്കോട്: സെക്സ് റാക്കറ്റിന്‍റെ കെണിയില്‍ നിന്നു രക്ഷപെട്ട പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവത്തിലെ പ്രതി പിടിയില്‍. അസം സ്വദേശിയായ 17 വയസുകാരിയെ കേരളത്തില്‍ എത്തിച്ചയാളാണ് പിടിയിലായത്. പ്രതി ഫര്‍ഹാന്‍ അലിയെ (26) ഒഡീഷയിലെ ഭദ്രകലില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ പൊലീസ് കേരളത്തിലെത്തിക്കുമെന്നാണ് വിവരം.

പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി പ്രകാരം, ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 15,000 രൂപ മാസ ശമ്പളത്തില്‍ ജോലി ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ കേരളത്തില്‍ എത്തിച്ചത്. എന്നാൽ, കേരളത്തില്‍ എത്തിച്ച പെൺകുട്ടിയെ നഗരമധ്യത്തിലുള്ള വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.

മുറിയില്‍നിന്ന് രക്ഷപെട്ട പെൺകുട്ടി ഓട്ടോ റിക്ഷയില്‍ കയറി മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. സെക്സ് റാക്കറ്റ് സംഘത്തിനൊപ്പം തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ കൂടിയുണ്ടെന്ന് പതിനേഴുകാരി പൊലീസിനു മൊഴി നൽകിയിരുന്നു.

പെൺകുട്ടികളെ സ്ഥിരമായി മുറിയില്‍ പൂട്ടിയിടുകയായിരുന്നു എന്നും, ഒരു ദിവസം ആറും ഏഴും ഇടപാടുകാരെ വരെ യുവാവ് മുറിയിൽ പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. ഒരു ദിവസം ഫോണിൽ സംസാരിക്കാൻ മുറി പൂട്ടാതെ യുവാവ് ടെറസിലേക്ക് പോയ തക്കത്തിനാണ് പെൺകുട്ടി രക്ഷപെടുന്നത്. ഇതിന്‍റെ തലേദിവസം വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഈ യാത്രയിലാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷന്‍ ശ്രദ്ധിക്കുന്നത്.

മുറിയില്‍നിന്ന് രക്ഷപെട്ട പെൺകുട്ടി ഉടന്‍ മുന്നില്‍ക്കണ്ട ഓട്ടോ റിക്ഷയില്‍ കയറി മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ പൊലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (CWC) മുന്നിൽ ഹാജരാക്കി. സിഡബ്ല്യുസി കൗണ്‍സലിങ് നല്‍കി വൈദ്യപരിശോധന നടത്തിയ ശേഷം പെൺകുട്ടിയെ വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റി.
Previous Post Next Post