അപകടത്തില്‍പ്പെട്ട കപ്പലിലെ 21 ജീവനക്കാരെ രക്ഷപ്പെടുത്തി; 3 പേർക്കായുളള തെരച്ചില്‍ തുടരുന്നു





കൊച്ചി: കൊച്ചി തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ബാക്കിയുള്ള 3 പേർക്കായി തെരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് ചരിഞ്ഞത്. കോസ്റ്റ് ഗോർഡ്, നാവികസേന എന്നിവർ രക്ഷാ ദൗത്യത്തിലുൾപ്പെടുന്നതായാണ് വിവരം.

ഫിലിപ്പീന്‍സുകാരായ 20 പേർ, 2 യുക്രെയ്ൻ പൗരന്മാർ, 1 ജോർജിയൻ പൗരന്‍, റഷ്യൻ പൗരനായ ക്യാപ്റ്റനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. 400 ലധികം കണ്ടെയ്നറുകളാണ് അപകടസമയത്ത് കപ്പലിലുണ്ടായിരുന്നത്. മറൈൻ ഗ്യാസ് ഓയിൽ, ലോ സള്‍ഫര്‍ ഫ്യൂവൽ ഓയിലടക്കമുള്ള അപകടകരമായ ഇന്ധനമടക്കം കാർഗോയിൽ ഉണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചിരുന്നു.

തൃശൂര്‍, കൊച്ചി, ആലപ്പുഴ കടല്‍തീരങ്ങളിലാണ് ഈ പെട്ടികള്‍ അടിയാന്‍ കൂടുതല്‍ സാധ്യതയുള്ളത്. ഗുരുതരമായ അപകടമുണ്ടാക്കാന്‍ ശേഷിയുള്ളതിനാല്‍ കാർഗോ തീരത്തടിഞ്ഞാൽ പൊതുജനങ്ങൾ ഇതിന് അടുത്തേക്ക് പോവുകയോ തൊടുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പിൽ പറയുന്നു. ഈ കാർഗോ തീരത്തടിഞ്ഞാൽ പൊലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ ഉടൻ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.
Previous Post Next Post