എൻ്റെ സിരകളിൽ തിളയ്ക്കുന്നത് രക്തമല്ല സിന്ദൂരം ,22 മിനിറ്റുകൊണ്ട് ഭീകരക്യാമ്പുകൾ നശിപ്പിച്ചു:പ്രധാനമന്ത്രി നരേന്ദ്രമോദി






പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും വേഗത്തിലുള്ള തിരിച്ചടി നല്‍കിയ സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്ത മോദി, ഇന്ത്യയുടെ പ്രതികരണം ശത്രുക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയതായി കൂട്ടിച്ചേര്‍ത്തു. ബിക്കാനീറില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

രാജ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് രാജസ്ഥാന്‍ നമ്മെ പഠിപ്പിക്കുന്നു. ഏപ്രില്‍ 22ന് ഭീകരര്‍ നമ്മുടെ ജനങ്ങളെ ലക്ഷ്യം വച്ചു, അവരുടെ മതം ചോദിച്ചു, നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞു. പഹല്‍ഗാമില്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളെയാണ് മുറിവേല്‍പ്പിച്ചത്’- മോദി ഓര്‍മ്മിപ്പിച്ചു.

അവിസ്മരണീയമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് രാജ്യം പ്രതിജ്ഞയെടുത്തു. നമ്മുടെ സായുധ സേനയുടെ വീര്യത്താല്‍, പാകിസ്ഥാന്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരായി. ആക്രമണം നടന്ന് വെറും 22 മിനിറ്റിനുള്ളില്‍, ഭീകര ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടു. സിന്ദൂരം വെടിമരുന്നായി മാറുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കള്‍ കണ്ടു. രക്തമല്ല, എന്റെ സിരകളില്‍ തിളയ്ക്കുന്നത് സിന്ദൂരമാണ്’- മോദി ആഞ്ഞടിച്ചു

 
أحدث أقدم