
ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏകദേശം 50 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ള മാവോവാദികളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതല്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.
മാവോവാദി നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഛത്തീസ്ഗഡ് പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) അംഗങ്ങള്‍ വനമേഖലയില്‍ പരിശോധന നടത്തിയത്. നാരായണ്‍പൂര്‍, ബിജാപൂര്‍, ദന്തേവാഡ ജില്ലകളില്‍ നിന്നുള്ള ഡിആര്‍ജി അംഗങ്ങളാണ് ഏറ്റുമുട്ടലിലുണ്ടായത്. മാവോവാദികള്‍ ആദ്യം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സുരക്ഷാ സേന തിരിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.